
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ നായികയായി ഹണി റോസ് എത്തുന്നു.പതിനഞ്ചുവർഷത്തിനുശേഷം ഹണി റോസ് തെലുങ്കിൽ എത്തുകയാണ്.ഇതാദ്യമായാണ് ഹണി നന്ദമുരി ബാലകൃഷ്ണയുടെ നായികയാവുന്നത്.ശക്തമായ നായിക കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പതിനഞ്ചു വർഷത്തിനുശേഷം ഹണി റോസ് ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഡോൺ സീനു, ക്രാക്, വിന്നർ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങൾ ഒരുക്കിയ ഗോപിചന്ദ് മലിനേനി ആണ് സംവിധാനം. ശ്രുതി ഹാസനാണ് മറ്റൊരു നായിക. മൈത്രി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഇനിയും പേരിട്ടില്ല. യു എസിലും ചിത്രീകരണം ഉണ്ടാവും. അതേസമയം ഹണി റോസിന്റെ അഭിനയജീവിതം പതിനേഴ് വർഷം പിന്നിടുകയാണ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി റോസ് വി. കെ പ്രകാശിന്റെ ട്രിവാൻഡം ലോഡ്ജിലൂടെയാണ് ശ്രദ്ധേയാകുന്നത്. ധ്വനി എന്ന കഥാപാത്രം അഭിനയജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു.റിംഗ് മാസ്റ്രർ, ബഡ് ഡി, കനൽ, സാർ സിപി, മൈ ഗോഡ്, ചങ്ക്സ്, ഇട്ടിമാണി, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് ഹണിയുടേതായി അവസാനം തിയേറ്ററിൽ എത്തിയത്.പുലിമുരുകനുശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്റർ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ റിലീസ്. ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മോൺസ്റ്ററിൽ അവതരിപ്പിക്കുന്നത്.സുന്ദർ .സി നിർമ്മിക്കുന്ന പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം തമിഴിലും ഹണി റോസ് എത്തുന്നു.