aaraattu

ഒരു മോഹൻലാൽ സിനിമയെന്നാൽ ആരാധകർക്ക് അത് ആഘോഷമാണ്. ഈ ആരാധകവൃന്ദത്തിന് ആഘോഷിച്ച് കാണാൻ ഒരു മോഹൻലാൽ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിട്ട് മൂന്നര വർഷത്തോളമായി. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുക്കിയ 'ആറാട്ട്' അത്തരം ചേരുവകളടങ്ങിയ സിനിമയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് ആദ്യമേ ചർച്ചയായിരുന്നു. പിന്നീടിറങ്ങിയ പ്രൊമോ വീഡിയോകൾ ആരാധകരെ ആവേശത്തിലാക്കി. ചിത്രത്തിന് ലഭിച്ച ബുക്കിംഗ് ഇതിന്റെ സൂചികയാണ്.

aaraattu

മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായ് തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്. വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻകര ഗോപൻ. ഈ വ്യക്തിക്ക് പാട്ടത്തിന് കൊടുത്ത് തന്ത്രത്തിൽ നിലം നികത്താനുള്ള നീക്കമാണ് അയാളുടേത്. ആദ്യം എതിരാളിയായ വരുന്ന ഗോപൻ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു. മുതലക്കോട്ടയിൽ എ ആർ റഹ്മാനെ കൊണ്ടു വന്ന് സംഗീത വിരുന്ന് ഒരുക്കാമെന്ന അയാളുടെ വാഗ്ദാനത്തിൽ പാടം നികത്താൻ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചവർ തന്നെ മുന്നിട്ടിറങ്ങി. എന്നാൽ പാടം നികത്തി അത് മത്തായിക്ക് തിരികെ കൈമാറുന്നതിനപ്പുറത്തേക്ക് ഒരു ലക്ഷ്യം ഗോപനുണ്ടായിരുന്നു.

aaraattu

ഒരുപാട് കഥാപാത്രങ്ങൾ തിങ്ങിനിറഞ്ഞ ചിത്രമാണ് ആറാട്ട്. അതിൽ മിക്കതും തീരെ പ്രാധാന്യമില്ലാത്തവയാണ്. ഇവരൊക്കെ എന്തിന് എന്ന ചോദ്യം ഒട്ടുമിക്കവർക്കും ഉണ്ടായേക്കാം. മോഹൻലാലിന്റെ പ്രകടനത്തിലൂടെ ഇത്തരം പോരായ്മകളെ മറിക്കടക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. വളരെയേറെ എനർജറ്റിക്കായ ഒരു മോഹൻലാൽ കഥാപാത്രമാണ് ഗോപൻ. അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്നതെല്ലാം ഈ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകനായ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചിട്ടുണ്ട്. ആക്ഷൻ, മാസ് സംഭാഷണങ്ങൾ, സ്റ്റൈൽ, മാനറിസങ്ങൾ തുടങ്ങി ഒരു കംപ്ലീറ്റ് എന്റർറ്റെയിനിംഗ് പാക്കേജായി മോഹൻലാൽ ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നു.

aaraattu

എന്നാൽ എല്ലാ തരം പ്രേക്ഷകർക്കും ദഹിക്കാവുന്ന വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് പറയാനാവില്ല. മോഹൻലാലിന്റെ മുൻകാല ഹിറ്റ് ചിത്രങ്ങളിലെ സംഭാഷണങ്ങളും സന്ദർഭങ്ങുടെയും അതിപ്രസരമാണ് ആറാട്ടിൽ. ഒരു പരിധിക്ക് അപ്പുറം കടുത്ത ആരാധകർക്ക് പോലും ഇത് മടുപ്പുളവാക്കി കാണണം. അനവസരത്തിലെ തെലുഗു സംഭാഷണങ്ങളും ഏച്ചുക്കെട്ടായി അനുഭവപ്പെടാം.

വിജയ് ഉലഗനാഥിന്റെ മികച്ച കാമറ വർക്കാണ് ചിത്രത്തിൽ. കളർഫുൾ ഫ്രെയിമുകളും സ്റ്റൈലിഷ് ഷോട്ടുകളും നല്ലൊരു ദൃശ്യാനുഭവമാണ് നൽകുന്നത്. ഇതിനോടൊപ്പം രാഹുൽ രാജിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പെർഫെക്റ്റ് മാച്ചാണെന്ന് പറയാം. അനൽ അരസുവും രവി വർമയും ഒരുക്കിയ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മികച്ച ഘടകങ്ങളിലൊന്നാണ്.

aaraattu


ചിത്രത്തിൽ അഭിനേതാക്കളുടെ വലിയൊരു നിരയുണ്ടെങ്കിലും മോഹൻലാൽ അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കുറവാണ്. ശ്രദ്ധ ശ്രീനാഥ്, വിജയരാഘവൻ, അശ്വിൻ കുമാർ, കോട്ടയം രമേശ് എന്നിവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

മലയാളത്തിൽ എന്റർറ്റെയിനറുകളുടെ ഉസ്താദ് എന്ന് പറയാവുന്ന ഉദയകൃഷ്ണയാണ് ആറാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്റെ എന്റർറ്റെയിനറുകളുടെ സ്ഥിരം ഫോർമുലയ്ക്കൊപ്പം രജനീകാന്ത്, വിജയ് സിനിമകളുടെ രസക്കൂട്ടുകളും ഉദയകൃഷ്ണ ആറാട്ടിൽ അവതരിപ്പിച്ചിട്ടുണ്ട്. മാസ് സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് ബി ഉണ്ണിക്കൃഷ്ണന്റെ ഈ 'അൺറിയലിസ്റ്റിക്' മോഹൻലാൻ ഷോ കാണാൻ ടിക്കറ്റെടുക്കാവുന്നതാണ്.