cartoon

കെ.എസ്.ഇ.ബി.യിലെ വിവാദങ്ങളെക്കുറിച്ച് പറയുമ്പോൾ അതിരപ്പിള്ളിക്കുമുണ്ട് ഒരു കഥ പറയാൻ. സ്ഥാപനത്തെ നഷ്ടത്തിലേക്ക് വലിച്ചുതാഴ്ത്തുന്ന അഴിമതിക്കഥയിൽ സംഘടനാനേതാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി ഇടയ്‌ക്കിടെ വിവാദവും വാർത്തയുമായി കത്തിക്കുന്നതും, ഇതേ തിരക്കഥയുടെ ഭാഗമാണെന്നാണ് അറിയുന്നത്. വിവാദമുണ്ടായാൽ അതിരപ്പിള്ളി പദ്ധതി വീണ്ടും കുറേക്കാലത്തേക്ക് ചുവപ്പുനാടയിൽ കുടുങ്ങും. കാലങ്ങളോളം നീണ്ടുപോകുന്നതാണ് മറ്റ് ജലവൈദ്യുതി പദ്ധതികളും. ഫലമോ കേരളത്തിൽ വൈദ്യുതിക്ഷാമം. ഇത് പരിഹരിക്കാൻ പുറമേനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. അതാകട്ടെ കുറേപ്പേർക്ക് കച്ചവടത്തിനുള്ള അവസരമാണ്. കോടികളുടെ നഷ്ടമുണ്ടാക്കുന്ന ദീർഘകാല വൈദ്യുതി കരാറുകളുടെ വാർത്തകൾ ഇൗയിടെയാണ് പുറത്തുവന്നത്. അതെല്ലാം എങ്ങനെ റദ്ദാക്കാമെന്ന ആലോചനയിലാണിപ്പോൾ സർക്കാർ. ഇതിന് പുറമേയാണ് കരാറുകളുടെ കാലാവധി നീട്ടിയും റീടെൻ‌ഡർ ചെയ്തും എസ്റ്റിമേറ്റ് പുതുക്കിയും നടത്തുന്ന അഴിമതിനീക്കങ്ങൾ. ഇതിനൊപ്പം നടന്നില്ലെങ്കിൽ ഏത് ചെയർമാനും കെ.എസ്.ഇ.ബി.യിൽ നിന്ന് തെറിക്കും. മന്ത്രിയുടെ സ്ഥിതിയും മറ്റൊന്നല്ല. 3000ടി.എം.സി.ജലം നദികളിലൂടെ ഒഴുകി കടലിൽ പോകുന്ന നാട്ടിലാണ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറമേ നിന്ന് വൻവിലയ്ക്ക് വാങ്ങേണ്ട ഗതികേട്.ഇൗ കലാപരിപാടി തുടങ്ങിയതോടെയാണ് കെ.എസ്.ഇ.ബി.നഷ്ടത്തിന്റെ കണക്കെഴുതാൻ തുടങ്ങിയത്. ഇപ്പോൾ 8424കോടി രൂപയാണ് നഷ്ടം.

അതിരപ്പിള്ളി പദ്ധതി

സൈലന്റ് വാലി സൈലന്റായപ്പോൾ വന്ന പേരാണ് അതിരപ്പള്ളി.1979ലാണ് 163 മെഗാ വാട്ട്‌ ശേഷിയുള്ള അതിരപ്പിള്ളിപദ്ധതി ആലോചനയിൽ വരുന്നത്.1500കോടി മുതൽമുടക്കിൽ പ്രതിവർഷം 212 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.1982ൽ പെരിങ്ങൽക്കുത്ത് വലതുകര പദ്ധതിയ്ക്കൊപ്പമാണ് അതിരപ്പിള്ളിയും സമർപ്പിക്കപ്പെട്ടത്.1989ൽ അനുമതിയും ലഭിച്ചു. പരിസ്ഥിതിപ്രവർത്തകരെത്തിയതോടെ സർക്കാർ പിൻവാങ്ങി.

അതിൽപ്പിന്നെ അതിരപ്പിള്ളിയിൽ പദ്ധതിയെന്ന വാർത്ത കേട്ടാൽ മതി, കേരളം കത്തും. അതിരപ്പിള്ളിയെതൊട്ട് 'ഷോക്ക'ടിച്ച അനുഭവം മുൻമന്ത്രി എം.എം.മണിക്ക് പോലുമുണ്ട്.

പൂർത്തിയാകാതെ

40 പദ്ധതികൾ

നാൽപതിലേറെ ജലവൈദ്യുതി പദ്ധതികളാണ് നിർമ്മാണം തുടങ്ങിയിട്ട് പൂർത്തിയാകാതെ നീണ്ടുപോകുന്നത്. പാഴാകുന്നതാകട്ടെ സംസ്ഥാനത്തിന് കിട്ടേണ്ട 500മെഗാവാട്ട് വൈദ്യുതിയും. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉത്‌പാദനം 2200 മെഗാവാട്ടാണെന്ന് അറിയുമ്പോഴേ ഇതിന്റെ വ്യാപ്തി മനസിലാകൂ.

പദ്ധതികൾ - ബ്രാക്കറ്റിൽ ഉത്പാദനശേഷി ( മെഗാവാട്ട് )

പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം(60),തൊട്ടിയാർ പദ്ധതി (40),ചതൻകോട്ടുനട ( 6), ഭൂതത്താൻകെട്ട് (24),പെരിങ്ങൽകുത്ത് (24)മാങ്കുളം (40),വിലങ്ങാട് (8),ചിന്നാർ (24), അച്ചൻകോവിൽ(30),ആനക്കയം(8), പഴശ്ശിസാഗർ (15),പീച്ചാട് (3),ഓളിക്കൽ (5), ചെമ്പുകടവ് (6),പൂവാറൻതോട് (3),വെസ്റ്റേൺകല്ലാർ (5), ലാന്ത്രം(4),മാർമല(7), അപ്പർചെങ്കുളം(24),പാമ്പാർ (40),വളാൻതോട് (8),മറിപ്പുഴ(6).

അരിപ്പാറ(3),കാരിക്കയം(15),വഞ്ചിയം(3),പാൽച്ചുരം(5),അളംപാറതോട് (3), മുക്കൂട്ടതോട്(3),അപ്പർവട്ടപ്പാറ(3),ലോവർ വട്ടപ്പാറ(7),കുറുംപെട്ടി (4), അപ്പർപെരിങ്ങൽ(7),കൊക്കമുള്ള് (2),അടയ്ക്കാതോട് (3),തൂവല്ലൂർ(4), ആറ്റിൽ (6). പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം (60),ചെങ്കുളം ഓഗ്‌മെന്റേഷൻസ്‌കീം (24),തൊട്ടിയാർ(40),ചാത്തങ്കോട്ടുനട (6),പെരിങ്ങൽകുത്ത് (24),അപ്പർ കല്ലാർ(2),കക്കയം(3),പെരുവണ്ണാമൂഴി(6),ഭൂതത്താൻകെട്ട് (24). ഇങ്ങനെ നിരവധി പദ്ധതികളാണ് വെള്ളവും പണവും പാഴാക്കി സംസ്ഥാനത്തുള്ളത്. സമരവും കരാറുകാരുടെ ഉഴപ്പും തുടങ്ങി അനാസ്ഥയ്ക്ക് കാരണങ്ങൾ പലതാണ്.

സോളാറിലും പിൻവാതിൽ കച്ചവടം

ഉമ്മൻചാണ്ടിക്ക് പേരുദോഷമുണ്ടാക്കിയെങ്കിലും നന്നായി നടത്തിയാൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് സോളാർ എന്നാണ് ഇടതുമുന്നണി സർക്കാർ നയം. കേന്ദ്രം 40ശതമാനം സബ്സിഡി നൽകുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി.മാറ്റിവെച്ചത് 140കോടി. ഇതുപയോഗിച്ച് സർക്കാർ സ്ഥാപനങ്ങളിലും ക്രോസ് സബ്സിഡിയനുസരിച്ച് നിരക്കിളവ് കൊടുക്കുന്ന പാവപ്പെട്ട വീടുകളിലും ആദിവാസി ഉൗരുകളിലും സോളാർ നടപ്പാക്കാനാണ് കെ.എസ്.ഇ.ബി. മാനേജ്മെന്റ് നിർദ്ദേശിച്ചത്. എന്നാൽ സ്ഥാപനത്തിലെ 'വിദഗ്ധർ' ഇതും അട്ടിമറിച്ചു. വൻകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി. ചെലവിൽ സോളാർ സ്ഥാപിക്കാനാണ് പുതിയ നീക്കം. ഫലമോ അവർക്ക് 25 വർഷത്തേക്ക് പത്തുശതമാനം നിരക്ക് ഇളവും പണം മുടക്കാതെ സോളാർപ്ളാന്റും കിട്ടും. നല്ല വരുമാനം നൽകിക്കൊണ്ടിരുന്ന കസ്റ്റമറെ കെ.എസ്.ഇ.ബി.ക്ക് നഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല മൊത്തം ഉപഭോഗത്തിന്റെ അഞ്ച് ശതമാനം ഹരിത വൈദ്യുതിയായിരിക്കണമെന്ന കേന്ദ്രവ്യവസ്ഥ പാലിക്കാൻ സംസ്ഥാനത്തിന് പുറത്ത് അദാനി പോലുള്ള കുത്തകകളിൽ നിന്ന് സോളാർ വൈദ്യുതി വാങ്ങേണ്ടിയും വരും. അഴിമതിക്കാർക്ക് ഇതും വരുമാനമാർഗമാണ്. പുറമേനിന്ന് വൻവിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ ഭാരമാകട്ടെ നിരക്ക് വർദ്ധനയായി പാവം ഉപഭോക്താവ് നൽകണം. ഇത്തരം ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഹരിത ഉൗർജ്ജപദ്ധതി നിയന്ത്രിക്കുന്ന ചുമതലയുള്ള സംഘടനയിലെ തന്നെ നേതാവിനെ ശത്രുപക്ഷത്താക്കി. അദ്ദേഹത്തിനെതിരെ സ്ത്രീപീഡനക്കേസും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആക്രമണങ്ങളും നോട്ടീസ് ഇറക്കലും എല്ലാം തകൃതിയായി നടന്നു.

കുടിശിക ചലഞ്ച്

ശമ്പളപരിഷ്ക്കരണത്തിന് സർക്കാർ അനുമതിയുണ്ടായിരുന്നില്ലെന്ന വിവാദമുയരുമ്പോഴും അതിന് പിന്നിൽ കളിച്ചവർ നേട്ടം കൊയ്തു. സർക്കാർ ജീവനക്കാർക്ക് 2019 ജൂലായ് മുതലാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതെങ്കിൽ കെ.എസ്.ഇ.ബി.യിൽ അത് 2018മുതൽ മുൻകാലപ്രബല്യത്തോടെയായിരുന്നു. ഇതിന്റെ കുടിശിക കിട്ടിയതിന്റെ പേരിൽ ഒാരോ ജീവനക്കാരനിൽ നിന്നും സംഘടന പിരിച്ചത് 25000 മുതൽ 30000 രൂപവരെയായിരുന്നു എന്നാണ് കേൾവി. 33000 ജീവനക്കാരുള്ള സ്ഥാപനത്തിൽ മുൻനിര സംഘടനകൾക്ക് ഇൗയിനത്തിൽ കിട്ടിയ നേട്ടം കോടികളാണ്.

വഴിയിൽ കേട്ടത്

മുൻമന്ത്രിയുടെ ഒാഫീസിലെ നിർണായകമായ പല ഫയലുകളിലും മന്ത്രിക്ക് പകരം ഒപ്പുവെച്ചിരുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന നേതാവാണ്. സീൽ മാത്രം മന്ത്രിയുടേത്. മന്ത്രി മാറിയപ്പോൾ കെ.എസ്.ഇ.ബി.ആസ്ഥാനത്ത് തിരിച്ചെത്തിയ നേതാവ് ഡയറക്ടർ ബോർഡ് യോഗങ്ങളിൽ പലപ്പോഴും ഇടിച്ചുകയറും. ക്ഷണിക്കുമ്പോൾ വന്നാൽ മതിയെന്ന് ചെയർമാൻ പറഞ്ഞാൽ നേതാവിനോട് അടുപ്പമുള്ള മറ്റ് ഡയറക്ടർമാർ മുഷിയും. കെ.എസ്.ഇ.ബി.യിൽ എല്ലാവർക്കും ഒരേനിറത്തിലുള്ള ടീഷർട്ടും ചുരിദാറും നൽകിയപ്പോഴും ഇപ്പോൾ വിവാദമായ എസ്.ഐ.എസ്.എഫ്.സുരക്ഷ നടപ്പാക്കിയപ്പോഴും ഇൗ നേതാവ് ഇടഞ്ഞു. തന്നോട് ചോദിക്കാതെ ഒന്നും നടത്തരുതെന്നാണ് പിടിവാശി.

മുൻമന്ത്രി എം.എം.മണി അഴിമതി കണ്ടാൽ സഹിക്കാത്ത പ്രകൃതക്കാരനാണ്. എന്നാൽ നിയമവും സാങ്കേതികത്വവും നടപടിക്രമങ്ങളും അത്ര പിടിത്തംപോര. മാത്രമല്ല പാർട്ടിക്കാരേയും കഷ്ടപ്പെടുന്നവരേയും നേട്ടകോട്ടങ്ങൾ ആലോചിക്കാതെ സഹായിക്കാനുള്ള മനസ്ഥിതിയുമുണ്ട്. ഇത് മുതലെടുത്ത് ചിലർ നടത്തിയ കുതന്ത്രങ്ങളാണ് മൂന്നാർ ഹൈഡൽ ടൂറിസം ഭൂമി വിവാദത്തിൽ അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമത്തിന് പിന്നിൽ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അശോക് ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ കുറിച്ചത് മൂന്നാറിൽ മുൻമന്ത്രിയുടെ ആളുകൾക്ക് സ്ഥലം കൊടുത്തെന്ന ആക്ഷേപമല്ല. മറിച്ച് ഹൈഡൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി നൽകിയതിൽ ഉദ്യോഗസ്ഥ ക്രമക്കേടുണ്ടെന്നാണ്. ഭൂമി ആർക്ക് നൽകി എന്നത് അവിടെ പ്രസക്തമായിരുന്നില്ല. എന്നിട്ടും മുൻമന്ത്രിയെ പോലുള്ള സീനിയർ നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴച്ചുള്ള കോലാഹലത്തിലൂടെ കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണുണ്ടായത്.

നാളെ - കമ്പനിയെ വെട്ടിലാക്കിയ സാമ്പത്തിക പ്രതിസന്ധികൾ