flipkart

ബംഗളൂരു: വിപണിയിൽ പുതിയ തന്ത്രങ്ങളൊരുക്കി ഇ കൊമേഴ്സ് വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട്. 'ഫ്ലിപ്‌കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്' വഴി വെറും 45മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യുക എന്നതാണ് പുതിയ പദ്ധതി. ഉപഭോക്താക്കൾക്ക് വേഗത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായാണ് ക്വിക്ക് ഡെലിവറി സേവനം 90മിനിറ്റിൽ നിന്നും 45മിനിറ്റായി കുറച്ചിരിക്കുന്നത്. നിലവിൽ ബംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഡൺസോ തുടങ്ങിയ ഇ കൊമേഴ്സ് കമ്പനികൾ 15 മുതൽ 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയത്താണ് ഫ്ലിപ്കാർട്ടിന്റെ ഈ തീരുമാനം. എന്നാൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഡോർ ഡെലിവറി എന്നത് പ്രായോഗികമായ മോഡലല്ലെന്നാണ് ഫ്ലിപ്കാർട്ടിന്റെ നിരീക്ഷണം. ഇതുകൊണ്ടാണ് ക്വിക്ക് ഡെലിവറി സമയം 45മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. നിലവിൽ 14 നഗരങ്ങളിലാണ് 90 മിനിറ്റിനുള്ളിൽ ഡെലിവറി സേവനം ലഭ്യമായിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 200 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നത്. ഇപ്പോൾ ഹൈദരാബാദിലും ബംഗളൂരുവിലും മാത്രം ലഭ്യമാകുന്ന പച്ചക്കറികൾ,പഴങ്ങൾ എന്നിവ ഡെലിവറി ചെയ്യുന്ന സേവനം അധികം വൈകാതെ തന്നെ കൂടുതൽ നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് 'ഫ്ലിപ്കാർട്ട് ക്വിക്' എന്ന സേവനം ബംഗളൂരുവിൽ ഫ്ലിപ്കാർട്ട് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ പലചരക്ക്, പാൽ, മത്സ്യം, ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ , സ്റ്റേഷണറി സാധനങ്ങൾ എന്നിവയാണ് എത്തിച്ചിരുന്നത്. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാർജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. പിൻകോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമല്ല മറിച്ച് ലൊക്കേഷൻ അനുസരിച്ചുള്ള ഡെലിവറി സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാനും അഡ്രസ് തെറ്റിപ്പോകുന്നത് തടയാനും കഴിയുമെന്നാണ് കമ്പനി കരുതുന്നത്. പല നഗരങ്ങളിലും സ്വതന്ത്ര നെറ്റ്‌വർക്കുകളും സംഭരണ സ്ഥലങ്ങളും ഫ്ലിപ്കാർട്ട് സ്വന്തമായി ഒരുക്കുകയാണ്.