jonita-gandhi

തമിഴ് സൂപ്പർ താരം വിജയ‌്‌യുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ അറബിക് കുത്ത് എന്ന പാട്ടാണ് ഇപ്പോൾ ട്രെൻഡിംഗിൽ മുന്നിൽ. വിജയുടെ ഗംഭീര വരവിനായി കാത്തിരുന്ന ആരാധകർക്ക് പ്രതീക്ഷിച്ചതിലും മികച്ചൊരു സമ്മാനം തന്നെയാണ് ഈ ഗാനം. എന്നാൽ ഇതിലെ സ്ത്രീശബ്ദത്തിന് പിന്നിൽ ഒരു കനേഡിയൻ ഗായിക ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇംഗ്ളീഷ് സംസാരിക്കുന്ന ജൊനിതാ ഗാന്ധിയെന്ന ഇന്ത്യയിൽ ജനിച്ച് കാനഡയിൽ വളർന്ന ഗായികയാണ് അറബിക് കുത്തെന്ന തമിഴ് പാട്ട് അനിരുദ്ധ് രവിചന്ദെറിനൊപ്പം പാടിയിരിക്കുന്നത്.

തനിക്ക് ധാരാളം കുറവുകൾ ഉള്ളതിനാൽ അത് മറയ്ക്കാൻ മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ജൊനിതാ ഗാന്ധി പറയുന്നു. ഗായികയ്ക്ക് പുറമേ നല്ലൊരു നർത്തകി കൂടിയാണ് ജൊനിതാ. ഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് ജൊനിത ജനിച്ചത്. എന്നാൽ ജൊനിതയ്ക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ കുടുംബം കാനഡയിലേയ്ക്ക് കുടിയേറിയിരുന്നു. എന്നിരുന്നാലും ഇപ്പോൾ ഇന്ത്യയെ തന്റെ മറ്റൊരു വീടായി കാണാൻ ഇഷ്ടപ്പെടുന്നുവെന്നും ജൊനിത പറഞ്ഞു. ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയായിരുന്നു ജൊനിത ഇന്ത്യൻ സംഗീതലോകത്തേക്ക് എത്തിയത്. ചിത്രത്തിലെ ടൈറ്റിൽ ട്രാക്കായിരുന്നു ജൊനിത പാടിയത്.

അച്ഛൻ ദീപക് ഗാന്ധിയുടെ സംഗീത പാരമ്പര്യമാണ് ജൊനിതയ്ക്ക് ലഭിച്ചത്. പതിനാറാം വയസിൽ കനേഡിയൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും ഓഡിഷനിൽ പരാജിതയായി. തുടർന്ന് യൂട്യൂബിൽ പാട്ടുകൾ പാടിയാണ് ജൊനിത ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ നിരവധി പാട്ടുകളുടെ കവർ വേഴ്ഷൻ പാടി ജൊനിത സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. ഇൻഡോ-കനേഡിയൻ സമൂഹം ടൊറന്റോയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കുന്ന ഈ യുവഗായിക നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ ഉടമ കൂടിയാണ്. എ ദിൽ ഹേ മുഷ്കിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ബ്രേക്ക് അപ്പ് സോംഗ് എന്ന പാട്ട് പാടിയത് ജൊനിതയാണ്. ബോളിവുഡ് ചിത്രങ്ങളായ ഹൈവേ, ദംഗൽ, ദിൽ ബേച്ചാര, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും ജൊനിത പാടിയിരുന്നു. ഡോക്ടർ, എന്ന നോക്കി പായും തോട്ട, കാപ്പാൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും പതിനെട്ടാം പടി എന്ന മലയാള ചിത്രത്തിലും ജൊനിത പാടിയിട്ടുണ്ട്. സോനു നിഗം, എ ആർ റഹ്മാൻ എന്നീ വിഖ്യാത സംഗീതജ്ഞരോടൊപ്പം ലോകപര്യടനം നടത്താനുള്ള അവസരവും ജൊനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.