
ബംഗളൂരു: ക്ളാസിൽ പോകണമെങ്കിൽ ഹിജാബ് നീക്കംചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് അദ്ധ്യാപിക രാജിവച്ചു. കർണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ചാന്ദിനി നാസ് ആണ് രാജിവച്ചത്. തുടർന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ കോളേജ് മാനേജ്‌മെന്റ് തന്റെ ആത്മാഭിമാനത്തെ ആക്രമിച്ചുവെന്നും അതിനാലാണ് ജോലി ഉപേക്ഷിച്ചതെന്നും ചാന്ദിനി വ്യക്തമാക്കി. മതത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അത് ആർക്കും നിഷേധിക്കാനാവില്ലെന്നും രാജിക്കത്തിൽ ചാന്ദിനി പറയുന്നുണ്ട്. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾ ക്ളാസുകളും പരീക്ഷകളും ബഹിഷ്കരിക്കുന്ന കർണാടകയിൽ ഈ പ്രശ്നത്തിന്റെ പേരിൽ ഒരു അദ്ധ്യാപിക ജോലിരാജിവയ്ക്കുന്നത് ആദ്യമായാണ്.
കർണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹിജാബ് ഉപേക്ഷിക്കാൻ തങ്ങൾ അദ്ധ്യാപികയോട് ആവശ്യപ്പെട്ടതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. 'അവർ പതിവായി ഹിജാബ് ധരിച്ചാണ് ക്ലാസിൽ പോകുന്നത്. കോടതി ഉത്തരവ് വന്നതിനുശേഷം ഹിജാബ് അഴിച്ചുവച്ച് ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടു. അതിനാലാണ് ജോലി രാജിവച്ചത്. ഒരു അദ്ധ്യാപികയെ ഹിജാബ് ധരിച്ച് പഠിപ്പിക്കാൻ അനുവദിച്ചാൽ വിദ്യാർത്ഥികളും അത് പിന്തുടരുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു. നിലവിൽ കോളേജിൽ ആർക്കും ഹിജാബ് ധരിക്കാൻ അനുവാദമില്ല'-കോളേജ് പ്രിന്‍സിപ്പാള്‍ മഞ്ജുനാഥ് പറയുന്നു.
അതേസമയം, കർണാടകയിലെ ഹിജാബ് നിരോധനത്തെ പിന്തുടർന്ന് ഉത്തർപ്രദേശിലെ ഒരു കോളേജും ഹിജാബിന് നിരോധനമേർപ്പെടുത്തി. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർത്ഥികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മുഖം മറച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ രാജ് കുമാര്‍ വര്‍മ പറഞ്ഞു. കാമ്പസില്‍ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും വ്യക്തമാക്കി.