
തിരുവനന്തപുരം: രണ്ടു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്‌ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. മുട്ടട സ്വദേശിയ്ക്കാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയിലാണ് സംഭവം. കുട്ടി പതിവായി രാത്രിയിൽ കരയുന്നത് ശ്രദ്ധിച്ച അമ്മയ്‌ക്കാണ് ആദ്യം സംശയം തോന്നിയത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടതിനെ തുടർന്ന് യുവതി പ്രതിയോട് സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴെല്ലാം അത് തന്റെ കുട്ടിയല്ലെന്നും കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നുണ്ട്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഒരു ദിവസം നോക്കിയപ്പോൾ കുഞ്ഞിനെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ ഇടപെട്ടാണ് പീഡന വിവരം പൊലീസിൽ അറിയിച്ചത്.