
ബംഗളൂരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്നും അതിനാൽ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ഇക്കാര്യം അറിയിച്ചത്.ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എജി കോടതിയിൽ പറഞ്ഞു.
അതേസമയം, മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസിൽ ഇന്ന് ആറാംദിവസമാണ് ഹൈക്കോടതിയിൽ വാദം തുടരുന്നത്. തിങ്കളാഴ്ചയും വാദം തുടരും. അതിനിടെ ഹിജാബ് ധരിക്കുന്നത് വിലക്കിയെന്നാരോപിച്ച് കർണാടകയിൽ ഒരു കോളേജ് അദ്ധ്യാപിക രാജിവച്ചു. തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ചാന്ദിനി നാസ് ആണ് രാജിവച്ചത്.