
വാഷിംഗ്ടൺ : യുദ്ധമുണ്ടായാൽ ഇന്ത്യ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക പറഞ്ഞതിന് പിന്നാലെ യുക്രെയിൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ.
റഷ്യ - യുക്രെയിൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രതിസന്ധി ബാധിത മേഖലയിലും അതിനപ്പുറവും ദീർഘകാല സമാധാനവും സ്ഥിരതയും പ്രതീക്ഷിക്കുന്നതായും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി യു.എൻ സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞു.
'അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന വലിയ താൽപര്യത്തിനായി പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഏത് നടപടികളും എല്ലാ കക്ഷികളും ഒഴിവാക്കുന്നതാണ് നല്ലത്. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. യുക്രെയിനിൽ 20,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും താമസിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇന്ത്യൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നത് പൗരന്മാരുടെ ക്ഷേമത്തിനാണ്. " തിരുമൂർത്തി വ്യക്തമാക്കി. യുക്രെയിൻ വിഷയത്തിൽ ഈ വർഷം ചേരുന്ന രണ്ടാമത്തെ യു.എൻ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗാണിത്. കിഴക്കൻ യുക്രെയിനിലെ സമാധാനം ഉറപ്പാക്കാൻ 2014ൽ രൂപീകരിച്ച മിൻസ്ക് ഉടമ്പടിയും നോർമാന്റി ഫോർമാറ്റ് ചർച്ചകളും നടപ്പാക്കുന്നതിനെ ഇന്ത്യ പിന്തുണച്ചു.