
ജയ്‌പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിക്കുകയും ആറ് ദിവസത്തിനുശേഷം അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്ത 35കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. രക്ഷപ്പെടുത്തിയത് മുതൽ വെന്റിലേറ്ററിലാണ് യുവതി കഴിഞ്ഞിരുന്നതെന്നും കുറച്ച് ഓക്സിജൻ സ്വീകരിക്കാനുള്ള ശേഷിയേ തലച്ചോറിന് ഉണ്ടായിരുന്നുള്ളൂ എന്നും എസ്.പി രാം മൂർത്തി പറഞ്ഞു.
ഫെബ്രുവരി നാലിനാണ് യുവതിയെ കാണാതായത്.
രണ്ടു ദിവസത്തിന് ശേഷം കുടുംബം പരാതി നൽകി. ഗ്രാമത്തിന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കാട്ടിൽ പത്താം തീയതി യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായിയായ പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. പീഡനത്തിന് പിന്നാലെ മരിച്ചെന്ന് കരുതിയാണ് യുവതിയെ കാട്ടിൽ ഉപേക്ഷിച്ചതെന്ന് പ്രതികൾ പറഞ്ഞു.
കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു പ്രതി ജയിലിലും പ്രായപൂർത്തിയാകാത്തയാൾ ജുവനൈൽ ഹോമിലുമാണ്. പരാതി കിട്ടിയിട്ടും യുവതിയെ കണ്ടെത്താൻ യാതൊരു നടപടിയും എടുക്കാതിരുന്നതിന് രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.