
മോസ്കോ : യുക്രെയിനെ ഏത് നിമിഷവും റഷ്യ ആക്രമിച്ചേക്കാമെന്ന് ബൈഡൻ ഭരണകൂടം ആവർത്തിക്കുന്നതിനിടെ, അധിനിവേശ പദ്ധതിയുമായി യുക്രെയിനെതിരെ റഷ്യ മുന്നോട്ട് പോയാൽ ഇന്ത്യ തങ്ങളുടെ പക്ഷത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.
അടുത്തിടെ മെൽബണിൽ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ക്വാഡ് യോഗത്തിൽ യുക്രെയിനെയും റഷ്യയേയും സംബന്ധിച്ച ഒരു ചർച്ച നടന്നതായി മാദ്ധ്യമങ്ങളോട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു.
യുക്രെയിൻ പ്രതിസന്ധിയ്ക്ക് സമാധാനപരമായ പരിഹാരത്തിനായി ശക്തമായ യോജിച്ച അഭിപ്രായം അവിടെയുണ്ടായി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബന്ധരാണ് ഇന്ത്യയെന്നും സൈനികശക്തി ഉപയോഗിച്ച് അതിർത്തികൾ മാറ്റുന്നതിനെ അവർ എതിർക്കുമെന്നും നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.