gani

കൊൽക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കാർഡ്‌ സ്വന്തമാക്കി ബീഹാറുകാരനായ ഇന്ത്യയുടെ യുവതാരം സക്കീബുൽ ഗനി. രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരെ ബിഹാറിനുവേണ്ടി സക്കീബുൽ ഗനി അടിച്ചെടുത്തത് 341 റൺസാണ്. 2018-19 സീസണിൽ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ 267 റൺസ് നേടിയ അജയ് റൊഹേരയുടെ ഫസ്റ്റ് ക്ളാസ് അരങ്ങേറ്റത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡാണ് സക്കീബുൽ പഴങ്കഥയായിക്കിയത്. ഹൈദരാബാദിനെതിരേ ആയിരുന്നു റൊഹേരയുടെ പ്രകടനം.

ട്രിപ്പിൾ സെഞ്ച്വറി നേടിയ സക്കീബുലിന്റെയും ഇരട്ട സെഞ്ച്വറി നേടിയ ബാബുൽ കുമാറിന്റെയും പ്രകടനത്തിന്റെ മികവിൽ ബിഹാർ ആദ്യ ഇന്നിംഗ്സ് 686/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. മറുപടിക്കിറങ്ങിയ മിസോറാം രണ്ടാം ദിനം കളിനിറുത്തുമ്പോൾ 40/3 എന്ന നിലയിലാണ്.

ഗനി ഒരു റൺ ഖനി

അഞ്ചാമനായി ക്രീസിലെത്തിയ സക്കീബുൽ 405 പന്തിൽ 56 ഫോറും രണ്ടു സിക്‌സും സഹിതമാണ് 341 റൺസ് നേടിയത്.

22-കാരനായ ഗനി 387 പന്തിലാണ് ട്രിപ്പിൾ സെഞ്ച്വറി പിന്നിട്ടത്. 50 ഫോറുകൾ സഹിതമായിരുന്നു ഇത്. 300 റൺസിൽ 200 റൺസും നേടിയത് ബൗണ്ടറിയിലൂടെയാണ്.

ഇരട്ട സെഞ്ച്വറി നേടിയ ബാബുൽ കുമാറിനൊപ്പം (229) നാലാം വിക്കറ്റിൽ 756 പന്തുകളിൽ 538 റൺസിന്റെ കൂട്ടുകെട്ടും സക്കീബുൽ പടുത്തുയർത്തി.

രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇന്നലെ സക്കീബുലും ബാബുലും ചേർന്ന് പടുത്തുയർത്തിയത്. 1946-47 സീസണിൽ 577 റൺസ് അടിച്ച വിജയ് ഹസാരെ-ഗുൽ മുഹമ്മദ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്.

രഞ്ജിയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കാഡും ബാബുൽ- സക്കീബുൽ സഖ്യം സ്വന്തമാക്കി. 2016-17 സീസണിൽ മഹാരാഷ്ട്രക്കായി സ്വപ്‌നിൽ ഗുഗാലെ-അങ്കിത് ബാവ്‌നെ എന്നിവർ പടുത്തുയർത്തിയ 594 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഒന്നാമത്.