
കേരളം 454/8,പി.രാഹുൽ 147,രോഹൻ കുന്നുമ്മൽ 107,വത്സൽ ഗോവിന്ദ് 76 നോട്ടൗട്ട്, സച്ചിൻ ബേബി 56
രാജ്കോട്ട് : മേഘാലയ്ക്ക് എതിരെ രാജ്കോട്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിന് വമ്പൻ ലീഡ്. ആദ്യ ദിനം എതിരാളികളെ 148 റൺസിന് ആൾഒൗട്ടാക്കിയശേഷം മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളി നിറുത്തുമ്പോൾ 454/8 എന്ന നിലയിലാണ്.306 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇപ്പോൾ കേരളത്തിനുള്ളത്.
ആദ്യ ദിനത്തിൽ സെഞ്ച്വറി നേടിയിരുന്ന രോഹൻ എസ്.കുന്നുമ്മലിന് പിന്നാലെ ഇന്നലെ സെഞ്ച്വറി കുറിച്ച പി.രാഹുൽ (147),അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ സച്ചിൻ ബേബി(56),വത്സൽ ഗോവിന്ദ്(76 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ കരുത്തുറ്റ നിലയിലെത്തിച്ചത്. 205/1 എന്ന നിലയിലാണ് ഇന്നലെ കേരളം ബാറ്റിംഗ് തുടരാനെത്തിയത്. 74 റൺസുമായി ബാറ്റിംഗ് തുടരാനെത്തിയപ്പോൾ ഫസറ്റ് ഡൗണായെത്തിയ ജലജ് സക്സേന (10)രാവിലേതന്നെ മടങ്ങി. തുടർന്ന് സച്ചിൻ ബേബിയെക്കൂട്ടി സെഞ്ച്വറിയിലേക്ക് മുന്നേറിയ രാഹുൽ മൂന്നാം വിക്കറ്റിൽ 96 റൺസാണ് കൂട്ടിച്ചേർത്തത്. ടീം സ്കോർ 315ൽ വച്ച് സച്ചിൻ ബേബി മടങ്ങി. 113 പന്തുകൾ നേരിട്ട നായകൻ ആറുബൗണ്ടറികൾ പായിച്ചിരുന്നു. വൈകാതെ രാഹുലും കൂടാരം കയറി. 239 പന്തുകൾ നേരിട്ട് 17 ബൗണ്ടറികളും ഒരു സിക്സുമടക്കം മേഘാലയയുടെ ടീം സ്കോറിന് ഒരു റൺ മാത്രം അകലെ വ്യക്തിഗത സ്കോറിൽ നിൽക്കവേയാണ് രാഹുൽ ബോറയുടെ പന്തിൽ ചൗധരിക്ക് ക്യാച്ച് നൽകി മടങ്ങിയത്. ഇതോടെ കേരളം 329/4 എന്ന നിലയിലായി.
തുടർന്ന് വത്സൽ ഗോവിന്ദ് ഒരറ്റത്ത് കാലുറപ്പിച്ച് നിൽക്കവേ വിഷ്ണു വിനോദ് (4) സിജോമോൻ ജോസഫ് (21), മനുകൃഷ്ണൻ(11),ബേസിൽ തമ്പി (8) എന്നിവർ കൂടാരം കയറി.147 പന്തുകൾ നേരിട്ട വത്സൽ നാലുഫോറും ഒരു സിക്സുമടക്കമാണ് 76 റൺസിലെത്തിയിരിക്കുന്നത്.
147
ഇടംകൈയൻ ബാറ്റ്സ്മാനായ രാഹുലിന്റെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണിത്.
56
സച്ചിൻ ബേബി നേടിയത് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ തന്റെ പതിനഞ്ചാം അർദ്ധ സെഞ്ച്വറിയാണ്.
76*
തന്റെ രണ്ടാമത്തെമാത്രം ഫസ്റ്റ് ക്ളാസ് മത്സരത്തിനിറങ്ങിയ വത്സൽ ഗോവിന്ദിന്റെ ആദ്യ അർദ്ധ സെഞ്ച്വറിയാണിത്.