
ന്യൂഡൽഹി: ഇന്ത്യയിൽ പകുതിയിലധികം എം.പിമാരും ക്രിമിനൽ റെക്കാഡുകൾ ഉള്ളവരാണെന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങിന്റെ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധിച്ചു. സിംഗപ്പൂർ ഹൈമ്മിഷണർ
സൈമൺ വോങ്ങിനെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്നും വിഷയം നയതന്ത്രതലത്തിൽ വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയെന്നാണ് വിവരം.
ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് സിംഗപ്പൂർ പാർലമെന്റിൽ നടന്ന സംവാദത്തിനിടെയാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങിന്റെ പരാമർശം.
'മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ പാർലമെന്റിലെ പകുതിയോളം എം.പിമാർക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നു. ഇത്തരത്തിലുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു നെഹ്റുവിന്റെ ഇന്ത്യ.'- ലീ സിയാൻ ലൂങ് പറഞ്ഞു.
ഈ ആരോപണങ്ങളിൽ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.