
കൊച്ചി: പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയുമായ എൽ.ഐ.സിയെ ഓഹരിവിപണിയിൽ എത്തിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) മാർച്ച് 11ന് ആരംഭിച്ചേക്കും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായിരിക്കും 11ന് ഓഹരികൾ വാങ്ങാനാവുക. മറ്റുള്ളവർക്ക് രണ്ടുദിവസത്തിനുശേഷം അവസരം ലഭിക്കും.
ഐ.പി.ഒയ്ക്കായി എൽ.ഐ.സി സമർപ്പിച്ച അപേക്ഷയ്ക്ക് സെബി മാർച്ച് ആദ്യവാരം പച്ചക്കൊടി വീശിയേക്കും. തുടർന്നായിരിക്കും ഓഹരിവില (പ്രൈസ് ബാൻഡ്) നിശ്ചയിക്കുക. നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലാണ്. ഇതിൽ അഞ്ചുശതമാനമാണ് ഐ.പി.ഒയിൽ ഓഫർ ഫോർ സെയിലിലൂടെ (ഒ.എഫ്.എസ്) വിറ്റഴിക്കുന്നത്. ഓഹരി വില്പനയിലൂടെ 60,000 കോടി രൂപയാണ് ഉന്നം.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് എൽ.ഐ.സി സജ്ജമാകുന്നത്. കഴിഞ്ഞവർഷം പേടിഎം സമാഹരിച്ച 18,500 കോടി രൂപയാണ് നിലവിലെ റെക്കാഡ്. നിലവിൽ 16 ലക്ഷം കോടി രൂപമൂല്യവുമായി റിലയൻസ് ഇൻഡസ്‌ട്രീസാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനി. എൽ.ഐ.സിക്ക് ഐ.പി.ഒയ്ക്കുശേഷം 22 ലക്ഷം കോടി രൂപ മൂല്യം നിർണയിക്കപ്പെട്ടേക്കുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയായാൽ, ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനിയെന്ന പട്ടം എൽ.ഐ.സിക്ക് കിട്ടും.
കേന്ദ്രത്തിന് നിർണായകം
ഐ.പി.ഒയുടെ തീയതികൾ കേന്ദ്രസർക്കാരോ എൽ.ഐ.സിയോ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മാർച്ചിൽ തന്നെ ഐ.പി.ഒ നടക്കും. പൊതുമേഖലാ ഓഹരിവില്പനയിലൂടെ നടപ്പുവർഷം കേന്ദ്രം ആദ്യം ലക്ഷ്യമിട്ടത് 1.75 ലക്ഷംകോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല 78,000 കോടി രൂപയിലേക്ക് ലക്ഷ്യം വെട്ടിക്കുറച്ചു.
നടപ്പുവർഷം ഇതുവരെ സമാഹരിക്കാനായത് 12,000 കോടി രൂപ മാത്രമാണെന്നിരിക്കേ, എൽ.ഐ.സി ഐ.പി.ഒ കേന്ദ്രത്തിന് ഏറെ നിർണായകമാണ്.