kk

അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ചു. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയും അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും പട്ടികയിൽ ഇടംനേടിയില്ല. പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പത്ത് ദിവസമാണ് ക്വാറന്റൈൻ.

യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ഇളവുകളുള്ളവര്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണം. വാക്‌സിനെടുക്കാത്തവരാണെങ്കില്‍ ആറാം ദിവസും ഒന്‍പതാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം.മറ്റ് രാജ്യക്കാര്‍ അബുദാബിയിലെത്തി നാല്, എട്ട് ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തണം. യാത്രക്കാര്‍ ഫെഡറല്‍ അതോറിട്ടി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ ഐ.സി.എ യു.എ.ഇ സ്മാര്‍ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ അറൈവല്‍ ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ വേണം. വാക്‌സിന്‍ എടുത്തവരും ഇളവുകളുള്ളവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഐ.സി.എ സ്മാര്‍ട് ആപ്പില്‍ അപ്‌ലോഡ് ചെയ്യണം.

സന്ദര്‍ശകര്‍ അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പി.സി.ആര്‍ പരിശോധനാ ഫലം ആപ്പില്‍ ലഭിച്ചാല്‍ ഏഴ് ദിവസത്തേക്ക് ഗ്രീന്‍പാസ് ലഭിക്കും. അബുദാബിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിര്‍ബന്ധമാണ്.

അല്‍ബേനിയ, അള്‍ജീരിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈൻ, ബെലാറുസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, ബര്‍മ, കംബോഡിയ, കാനഡ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാൻഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മലേഷ്യ, നെതര്‍ലന്‍ഡ്, മൊറോക്കോ, നോര്‍വെ, ഒമാന്‍, പാപ്വ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, സിറിയ, സീഷെല്‍സ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലന്റ്, തുനീഷ്യ, തുര്‍ക്കി, യെമന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, യുഎസ്എ, ഉസ്ബസ്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.