
പടിഞ്ഞാറുദിശയിലേയ്ക്കുള്ള വീടിനോട്  മലയാളികൾക്ക് പൊതുവെ ഇഷ്ടക്കുറവാണ്. ആ ദിശ അത്ര നല്ലതെന്നുള്ള വിശ്വാസമാണ് കാരണം. ഇത് തെറ്റാണ്. ലക്ഷക്കണക്കിന് ആളുകൾ പടിഞ്ഞാറു ദിശയിലേക്ക്  നോക്കി വീട് വച്ച് സന്തോഷത്തോടെ കഴിയുന്നതെന്ന് കാണാം. പടിഞ്ഞാറേയ്ക്ക് വയ്ക്കുന്ന വീട്ടിൽ വാസ്തു സംബന്ധിയായ ചെറിയ പ്രശ്നങ്ങൾ പോലും പെട്ടെന്ന് അനുഭവപ്പെടുന്നത് കാണാറുണ്ട്. 
പടിഞ്ഞാറേയ്ക്ക് ദർശനമായ ക്ഷേത്രങ്ങളുടെയും വീടുകളുടെയും പുരോഗതിയില്ലായ്മ ചിലർ ചൂണ്ടിക്കാട്ടും. പളനി ശ്രീമുരുകന്റെ ക്ഷേത്രം പടിഞ്ഞാറു ദർശനമായിട്ടല്ലേ. പിന്നെയെന്തുകൊണ്ട്  ഇങ്ങനെ ഒരു വിശ്വാസം ആളുകൾക്കിടയിലുണ്ടെന്ന് ചിന്തിച്ചാൽ ആ ക്ഷേത്രമോ വീടോ വാസ്തു ശാസ്ത്രത്തിന്റെ നിയമങ്ങളോ ശരിയോ ഊർജ ഒഴുക്കിന്റെ പൊരുളോ നോക്കാതെ മോശമായി വച്ചിട്ടുള്ളതാവാം എന്നുള്ളതാണ്.
പടിഞ്ഞാറു വീട്ടിൽ എന്തൊക്കെ  ശ്രദ്ധിക്കണമെന്ന് നോക്കാം. പടിഞ്ഞാറ് വശത്ത് റോഡുണ്ടാവുകയും അതിന് അഭിമുഖമായി വീട് വയ്ക്കുകയും ചെയ്യുന്നവയാണല്ലോ പടിഞ്ഞാറ് ദർശനമായ വീടുകൾ. പടിഞ്ഞാറേയ്ക്ക് വയ്ക്കുന്ന വീടുകൾക്ക് രണ്ട് പ്രശ്നങ്ങൾ സംഭവിക്കാനിടയുണ്ട്. ഒന്ന് വീടിന്റെ പ്രധാന വാതിൽ  തെക്കു പടിഞ്ഞാറേയ്ക്കോ വടക്കു പടിഞ്ഞാറേയ്ക്കോ വരാം. രണ്ടാമത്തേത് വീടിന്റെ സിറ്റൗട്ടോ കാർപോർച്ചോ തെക്കു പടിഞ്ഞാറും വടക്ക് പടിഞ്ഞാറും വരാം, ഇതു രണ്ടും തെറ്റാണ്. തെക്കു പടിഞ്ഞാറ് പ്രധാന വാതിലോ, കാർ പോർച്ചോ  വരികയാണെങ്കിൽ വീട്ടിൽ അസ്വസ്ഥതകളുണ്ടാകാം. വടക്ക് പടിഞ്ഞാറാണ് ഇവ വരുന്നതെങ്കിൽ വീട്ടിലെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് വിശ്വാസം.
പടിഞ്ഞാറ് ദർശനമായ വീടിന്റെ കാർ പോർച്ച് വീടിനോട് ചേർന്ന് ചെയ്യാതിരിക്കുന്നതാണ് നല്ലത്. വീടിനോട് ചേരാതെ പുറത്ത് കാർ പോർച്ച് വയ്ക്കാം. വീടിനോട് ചേരുമ്പോൾ ആ ഭാഗം മുറിയാനിട വരും അത് ദോഷങ്ങളുണ്ടാക്കാം. വീടിന്റെ പ്രധാന വാതിൽ നേർപടിഞ്ഞാറു തന്നെ വയ്ക്കണം. അതിന് പിന്നിലായി ചെറിയ വാതിലുകളും ക്രമീകരിക്കണം, വീടിന്റെ  പ്രധാന ഗേറ്റിനും വലിയ പ്രാധാന്യമുണ്ട്. ഇതും  തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ വയ്ക്കാനും പാടില്ല. പ്രധാന വാതിലിന്റെ ഗമനം വിട്ട്  നേർ പടിഞ്ഞാറു തന്നെ ഗേറ്റും വയ്ക്കണം . പിന്നെ ഓരോ മുറിക്കും നാലു മൂലകൾ ഉറപ്പാക്കുകയും വേണം
പടിഞ്ഞാറേയ്ക്ക് നിൽക്കുന്ന വീടിന്റെ മുന്നിലെ മതിലിൽ ഗ്രില്ലുകളോ തുറപ്പുകളോ പരമാവധി ഒഴിവാക്കണം. മതിലിനും നിർബന്ധമായി തെക്ക് പടിഞ്ഞാറ് 90 ഡിഗ്രി ഉറപ്പാക്കണം. തെക്കു കിഴക്കേ മതിലും ഇത്തരത്തിൽ ആവാം, വടക്ക് പടിഞ്ഞാറ് വടക്കു കിഴക്ക് മതിലുകളിൽ 90 ഡിഗ്രി താഴ്ന്നിരുന്നാലും കുഴപ്പമില്ല. വസ്തുവിന്റെ ഏറ്റവും ഉയർന്ന ഭാഗം തെക്ക് പടിഞ്ഞാറും പിന്നെ തെക്ക് കിഴക്കും മൂന്നാമത് വടക്ക് പടിഞ്ഞാറും ഏറ്റവും താഴ്ന്നത് വടക്ക് കിഴക്കുമായിരിക്കണം.