
തിരുവനന്തപുരം: സംസ്ഥാന, സമവർത്തി ലിസ്റ്റുകളിലുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നിയമനിർമ്മാണങ്ങൾ കേന്ദ്രം നടത്തുന്നത് സഹകരണ ഫെഡറലിസത്തിന് എതിരാണെന്നും ഇത് തുടരരുതെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. കുട്ടികളുടെ പുതിയ പാഠ്യ പദ്ധതിയിൽ അന്ധവിശ്വാസങ്ങൾക്കെതിരെയും ശാസ്ത്രചിന്താഗതി വളർത്തുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഭരണഘടനാമൂല്യസംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകും.
നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കും
നിയമവിരുദ്ധമായി സർക്കാർഭൂമി കൈവശം വച്ചിരിക്കുന്നത് വീണ്ടെടുക്കാൻ ശ്രമം ഊർജ്ജിതമാക്കും
കൈയേറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ
14 ജില്ലകളിലും കാൻസർ കൺട്രോൾ പ്രോഗ്രാം
30 വയസിന് മുകളിലുള്ളവർക്ക് വാർഷിക സ്ക്രീനിംഗും ലൈഫ്സ്റ്റൈൽ ഡിസീസ് പീപ്പിൾസ് കാമ്പെയിനും
2025ഓടെ പുനരുപയോഗ സ്രോതസുകളിൽ നിന്ന് 1000 മെഗാവാട്ട് ഊർജോത്പാദനം
സംസ്ഥാന ഹൈവേകൾ രണ്ട്- നാലുവരി നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി വികസിപ്പിക്കും
കേരള പൊലീസ് മാന്വൽ മലയാളത്തിൽ തയ്യാറാക്കും
നാലുവർഷത്തിനകം ഡിജിറ്റൽ റീസർവേ പ്രോജക്ട്
ഭൂവുടമകൾക്ക് യുണീക് തണ്ടപ്പേർ സിസ്റ്റം
വിദ്യാർത്ഥികളിൽ കാർഷികപ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ അഗ്രി കേഡറ്റ് കോർ പ്രോഗ്രാം
ഉയർന്ന ബീജപ്ലാസമുള്ള മികച്ച പശുക്കളെ പ്രജനനം ചെയ്യാൻ പദ്ധതി
ജലകൃഷിയിൽ നിന്നുള്ള ഉത്പാദനം അഞ്ചുവർഷത്തിനുള്ളിൽ 34,000 ടണ്ണിൽ നിന്ന് 70,000 ടണ്ണാക്കും
കൈത്തറിക്ക് കേരള ബ്രാൻഡ്
കേരളത്തിൽ ജോലിയെടുക്കുന്ന ഏകരും വിവാഹിതരുമായ സ്ത്രീകൾക്ക് ഗുണനിലവാരവും വൃത്തിയുമുള്ള താമസസൗകര്യത്തിന് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് പദ്ധതി
-- നയപ്രഖ്യാപനത്തിൽ രൂക്ഷ വിമർശനം --
കേന്ദ്രം സാമ്പത്തികമായി തകർക്കുന്നു
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ധന നയമെന്ന നിശിത വിമർശനവുമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം. സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്തയെ തകർക്കും വിധം സംസ്ഥാന, സമവർത്തി പട്ടികകളിലുള്ള വിഷയങ്ങളിൽ കൂടിയാലോചന പോലുമില്ലാതെ നിയമ നിർമാണം നടത്തുന്നത് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
സഹകരണ ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ അവിഭാജ്യ ഭാഗമാണ്. കൊവിഡ് മൂലമുണ്ടായ വരുമാനനഷ്ടത്തിന് പുറമേ കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയതും കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കേന്ദ്ര ധനകാര്യ കമ്മിഷനുകളുടെ ശുപാർശപ്രകാരം വിഭജിക്കാവുന്ന നികുതിയിൽ കേരളത്തിനുള്ള വിഹിതത്തിൽ ഓരോ ഘട്ടത്തിലും വലിയ കുറവാണ് വരുത്തിയത്.
പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.8 ശതമാം നികുതി വിഹിതം ലഭിച്ചിരുന്നത് 15ാം ധനകാര്യ കമ്മിഷനായപ്പോൾ 1.92 ശതമാനമായി. ഇതുമൂലം ആദ്യ വർഷം തന്നെ 6500 കോടിയുടെ കുറവുണ്ടായി. രാജ്യത്തെ സാമ്പത്തിക ദുരവസ്ഥയുടെ സാഹചര്യം കർഷക പ്രക്ഷോഭം തുറന്നു കാട്ടിയെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
ജി.എസ്.ടി: 12,000 കോടി
അധിക നഷ്ടം
ഈ വർഷം ജൂണിന് ശേഷം ജി.എസ്.ടി നഷ്ടപരിഹാരമില്ലാതാകുന്നതിലൂടെ 10,000- 12,000 കോടി രൂപ വരെ അധിക നഷ്ടമുണ്ടാകും. വരും വർഷങ്ങളിൽ റവന്യുകമ്മി നികത്താനുള്ള ഗ്രാന്റുകളിൽ കുത്തനേ കുറവ് വരുത്താനും പോകുന്നു. വിഭജനം ചെയ്യുന്ന പ്രത്യക്ഷനികുതിയിൽ ഇളവ് നൽകി, വിഭജിക്കേണ്ടതില്ലാത്ത സെസുകളിലൂടെയും സർചാർജുകളിലൂടെയും ഗണ്യമായി വരുമാനം വർദ്ധിപ്പിക്കുകയാണ് കേന്ദ്രം. ഇത് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ വലിയ കുറവുണ്ടാക്കുന്നു. കേന്ദ്ര ധനക്കമ്മി 6 ശതമാനമാകുമ്പോൾ സംസ്ഥാനങ്ങളുടേത് 3 ശതമാനമായി നിയന്ത്രിക്കുകയാണ്. സംസ്ഥാനത്തിന്റെ ധനവിനിയോഗ ബാദ്ധ്യത കൂടുതലായതിനാലും കൊവിഡുമായി ബന്ധപ്പെട്ട പാക്കേജുകളും ചെലവഴിക്കലും പല മടങ്ങായതിനാലും ഇത് അശാസ്ത്രീയമാണ്.