
സിഡ്‌നി: തന്റെ വിവാഹച്ചടങ്ങിന്റെ തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ സന്തോഷമില്ലെന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. തീർത്തും സ്വകാര്യമായി നടത്താൻ ആഗ്രഹിച്ച വിവാഹം പരസ്യമായത് ഇന്ത്യയിലെ പുതിയ ബന്ധുക്കളുടെ അതിരുവിട്ട ആവേശം കൊണ്ടാണെന്നും മാക്‌സ്‌വെൽ പറഞ്ഞു. തീയതി പരസ്യമായ സാഹചര്യത്തിൽ വിവാഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും മാക്സ്‌വെൽ പറഞ്ഞു.
മാക്‌സ്‌വെല്ലിന്റെ വധു തമിഴ്‌നാട്ടിൽ വേരുകളുള്ള വിനി രാമനാണ്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കൾ. മാർച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയിൽ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
2017-ൽ പ്രണയത്തിലായ വിനിയുടേയും മാക്സ്‌വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാർച്ച് 27-ലെ വിവാഹം.