
കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എ.ടി.കെ മോഹൻ ബഗാനെ നേരിടുന്നു
മഡ്ഗാവ് : ഐ.എസ്.എല്ലിൽ സെമിഫൈനൽ ഉറപ്പിക്കാനായി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നു.സീസണിലെ ആദ്യ മത്സരത്തിൽ തങ്ങളെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചിരുന്ന എ.ടി.കെ മോഹൻ ബഗാനാണ് തിലക് മൈതാനിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ബ്ളാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.
ആദ്യ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ചുപോയ എ.ടി.കെയെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ പിന്നീടുള്ള പ്രകടനം. മിന്നൽ മുരളിക്ക് മിന്നലിൽ നിന്ന് ശക്തികിട്ടിയതുപോയെ തുടർ വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുവരെ ഇവാൻ വുകോമനോവിച്ചിന്റെ കുട്ടികൾ എത്തിയിരുന്നു. ഇടയ്ക്ക് കൊവിഡിന്റെ ഇരുട്ടടി കിട്ടിയതോടെയാണ് അൽപ്പം വേഗം കുറഞ്ഞത്.ബെംഗളുരുവിനോടും പിന്നെ ജംഷഡ്പുരിനോടും തോറ്റതോടെ ഒന്നാം സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നെങ്കിലും കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് നാലാം സ്ഥാനത്തുണ്ട്.
ഇന്നത്തേത് ഉൾപ്പടെ അഞ്ചു മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിൽ ബ്ളാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.
15 മത്സരങ്ങളിൽ ഏഴു ജയവും മൂന്ന് തോൽവിയും ഉൾപ്പടെ 26 പോയിന്റാണ് ബ്ളാസ്റ്റേഴ്സിനുള്ളത്.
ഐ.എസ്.എൽ ചരിത്രത്തിലാദ്യമായാണ് ബ്ളാസ്റ്റേഴ്സ് പ്രാഥമിക റൗണ്ടിൽ ഏഴു മത്സരങ്ങൾ ജയിക്കുന്നതും 26 പോയിന്റ് സ്വന്തമാക്കുന്നതും.
എ.ടി.കെ 15 മത്സരങ്ങളിൽ എട്ടുവിജയം നേടിക്കഴിഞ്ഞു.രണ്ട് തോൽവികളേ വഴങ്ങിയിട്ടുള്ളൂ. 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് എ.ടി.കെ
16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് നേടിയ ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് എഫ്.സി ഗോവയെ നേരിടുന്നുണ്ട്.രാത്രി 9.30നാണ് ഈ മത്സരത്തിന്റെ കിക്കോഫ്.
ടി.വി ലൈവ് : രാത്രി 7.30മുതൽ സ്റ്റാർ സ്പോർട്സിൽ.