
ന്യൂയോർക്ക്: കൊവിഡ് മൂന്നാംതരംഗത്തിൽ പ്രകടമായ ശമനത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ ഇളവുകളും നൽകുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു. എച്ച്. ഒ ). ഇളവുകൾ നൽകുന്നതിൽ അതിരുവിടരുതെന്നും മിതത്വം പാലിക്കണമെന്നും ഡബ്യു.എച്ച്.ഒ അറിയിച്ചു.
ഒമിക്രോൺ വകഭേദത്തിന്റെ കൂടുതൽ ഉപവകഭേദങ്ങളെ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ്. 'വൈറസ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിന് ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ട്. ഇവയുടെ തീവ്രത സംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ബിഎ.2 സാന്നിദ്ധ്യം കൂടുന്നു. ഇതിന് തീവ്ര വ്യാപനശേഷിയുണ്ട്. " ഡബ്ല്യു.എച്ച്.ഒ കൊവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കൊർക്കോവ് വ്യക്തമാക്കി.
മഹാമാരി പൂർണമായും അപ്രത്യക്ഷമായില്ലെന്ന് ഓർക്കണമെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ മിതത്വം പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു.
പകുതിപ്പേരിൽ ഒറ്റഡോസ് വാക്സിൻ പോലും എത്തിക്കാനായിട്ടില്ലാത്ത രാജ്യങ്ങളേറെയുണ്ട്. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനം തീവ്രമാകുന്നത് കൂടുതൽ അപകടകാരികളായ വകഭേദങ്ങൾ ഉടലെടുക്കാൻ കാരണമായേക്കുമോ എന്നാണ് ഗവേഷകരുടെ ആശങ്ക.