munich

ബെർലിൻ : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫെറൻസ് ജർമ്മനിയിൽ ഇന്നലെ തുടങ്ങി. യുക്രെയിൻ പ്രതിസന്ധിയാണ് ചർച്ചയിൽ ഇത്തവണ പ്രധാന വിഷയം. 1999ന് ശേഷം ആദ്യമായി യോഗത്തിൽ റഷ്യൻ പ്രതിനിധി പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ യോഗത്തിനുണ്ട്. ജർമ്മൻ നയതന്ത്രജ്ഞൻ വോൾഫ്‌ഗാംഗ് ഇഷിംഗറിന്റെ അദ്ധ്യക്ഷതയിലാണ് ചർച്ചകൾ നടക്കുക. യുക്രെയിന് പുറമേ കൊവിഡ്, കാലാവസ്ഥ വ്യതിയാനം എന്നിവയും ചർച്ചയുടെ ഭാഗമാകും.

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ജർമ്മൻ വിദേശകാര്യ മന്ത്രി അനലെന ബേർബോക്ക്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽറ്റെൻബർഗ്, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വാർഷിക സമ്മേളനമാണ് മ്യൂണിക് സെക്യൂരിറ്റി കോൺഫെറൻസ്.