
2008 ജൂലായ് 26 ന് വൈകിട്ട് 6.30 ന് അല്പസമയം മുമ്പ് ഗുജറാത്തിലെ ടി.വി ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. " അഹമ്മദാബാദിൽ സ്ഫോടന പരമ്പര നടക്കാൻ പോകുന്നു ആർക്കെങ്കിലും തടയാൻ കഴിയുമെങ്കിൽ തടഞ്ഞോളൂ...... എന്നായിരുന്നു "ജിഹാദിന്റെ ഉദയം, ഗുജറാത്തിനോട് പ്രതികാരം" എന്ന പേരിൽ വന്ന 14 പേജുള്ള ഇ-മെയിലിലെ മുന്നറിയിപ്പ്. മിനിട്ടുകൾക്കകം സ്ഫോടനങ്ങൾ തുടങ്ങി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച അഹമ്മദാബാദ് ഹോസ്പിറ്റലിന്റെ ട്രോമാകെയർ സെന്ററിലും സ്ഫോടനം നടന്നു. 6.30 ന് തുടങ്ങിയ സ്ഫോടനം 70 മിനിട്ട് നീണ്ട് 7.40 വരെ തുടർന്നു. നഗരത്തിൽ മുഴുവൻ രക്തമൊഴുകി.
യാസീൻ ഭട്കലും പ്രതി
ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ യാസീൻ ഭട്കലും പ്രതിയാണ്. 2013 ൽ നേപ്പാൾ അതിർത്തിയിൽ അറസ്റ്റിലായ യാസിൻ ഭട്കൽ, സഫ്ദർ നാഗാരി, ജാവേദ് അഹമ്മദ് എന്നിവരടക്കം നാല് പ്രതികളുടെ വിചാരണ നടക്കാനുണ്ട്.
2009 ഡിസംബറിൽ 78 പ്രതികളെ ചേർത്ത് പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകി.
അഹമ്മദാബാദിലും സൂറത്തിലുമായി രജിസ്റ്റർ ചെയ്ത 35 എഫ്.ഐ.ആറുകൾ ഏകോപിപ്പിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. പേര് വെളിപ്പെടുത്താത്ത 26 പേരടക്കം 1,100 സാക്ഷികളെ വിസ്തരിച്ചു.
രാജ്യദ്രോഹം, ഭീകരപ്രവർത്തനം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, സ്ഫോടകവസ്തു നിയമം, കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന, എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.