
ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ആവശ്യമില്ലെന്ന് ഉത്തരവിറങ്ങിയതിന് പിന്നാലെ സംസ്ഥാനത്തേക്കെത്തുന്ന മലയാളികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കർണാടക സർക്കാർ നിബന്ധനകളിൽ ഇളവുവരുത്തിയത്.
കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർ.ടി.പി.സി.ആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.