shashi-tharoor

കുവൈത്ത് സിറ്റി: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആരോപണം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് ഒരു സംഘം കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, കുവൈറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് 'മജ്ബല്‍ അല്‍ ശരീക' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത് . മുസ്ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ ഇരുന്ന് നോക്കി കാണാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു.

'ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം നടുക്കമുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്' എന്നാണവർ പറയുന്നത്.' - തരൂർ ട്വീറ്റ് ചെയ്തു.

ഇതിനെ വിമര്‍ശിച്ചാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.