uae

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിലെ സുപ്രധാന നാഴികക്കല്ലെന്ന പെരുമയുമായി ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി.ഇ.പി.എ) ഒപ്പുവച്ചു. പ്രധാനമന്ത്രി മോദി ആതിഥേയനായ വിർച്വൽ ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്‌ദുള്ള ബിൻ തൗക്ക് അൽ-മാറിയുമാണ് ഒപ്പുവച്ചത്.

അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യു.എ.ഇ. നിലവിൽ 6,000 കോടി ഡോളറിന്റെ വാർഷിക വ്യാപാരം ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ട്. ഇത് അഞ്ചുവർഷത്തിനകം 10,000 കോടി ഡോളറിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് കരാറിലുള്ളത്.

ഉച്ചകോടിയിൽ മോദിയും അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിൻ സയീദ് അൽ-നഹ്യാനും തമ്മിൽ കൂടിക്കാഴ്‌ചയും നടത്തി.

ഒന്നിച്ച് കുതിക്കും

ഇരു രാജ്യങ്ങളിലും നിക്ഷേപമേഖലകൾ, ഹരിതോർജം പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുമായി സംയുക്ത ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സ്, ഇ-ബിസിനസ്, ഇ-പേമെന്റ് തുടങ്ങിയവയുടെ വികസനത്തിലും പ്രോത്സാഹനത്തിലും സഹകരണം എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് കരാറിലുള്ളത്.

യു.എ.ഇിലെ സുപ്രധാന തുറമുഖ നഗരമായ ജെബൽഅലിയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്കായി ഭക്ഷ്യ ഇടനാഴിയും ഇന്ത്യ മാർട്ടും സ്ഥാപിക്കും.

ആധുനിക വ്യാവസായിക സാങ്കേതികവിദ്യകൾക്കായി അബുദാബിയിലും പ്രത്യേക സോൺ സ്ഥാപിക്കും. ഇരുരാജ്യങ്ങളിലെയും സ്‌റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും.

വാക്‌സിൻ നിർമ്മാണത്തിന് ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഗവേഷണം, ഉത്പാദനം, വികസനം, വിതരണ മേഖലകളിലും കൈകോർക്കും.

യു.എ.ഇയിൽ ഇന്ത്യ ഐ.ഐ.ടി സ്ഥാപിക്കും. തൊഴിൽ വൈദഗ്ദ്ധ്യം ഉയർത്താനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. 2030നകം തൊഴിൽവൈദഗ്ദ്ധ്യമുള്ളവർക്കായി 1.40 ലക്ഷം വീസ യു.എ.ഇ അനുവദിക്കും. തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കാനും സമാധാനം സംരക്ഷിക്കാനും ഇരുരാജ്യങ്ങളും കൈകോർക്കും.

ഇന്ത്യയുടെ നേട്ടങ്ങൾ

35 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ യു.എ.ഇയിലുണ്ട്. യു.എ.ഇയിലേക്കുള്ള കയറ്റുമതിയിൽ 80 ശതമാനത്തോളം ഉത്പന്നങ്ങളും കരാറിലൂടെ നികുതിരഹിതമാകും.ജെം ആൻഡ് ജുവലറി കയറ്റുമതി കുതിക്കും. വസ്‌ത്രം, ഭക്ഷ്യം, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകൾക്കും കരാർ കരുത്താണ്. അഞ്ചുവർഷത്തിനകം 10,000 കോടി ഡോളറിലേക്ക് ഉഭയകക്ഷി വ്യാപാരം ഉയരുമ്പോൾ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.രണ്ടുവർഷത്തിനകമേ കരാർ പ്രകാരമുള്ള നടപടികൾ പ്രാബല്യത്തിലാകൂ.