
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബ ബിസിനസിൽ നടന്ന തട്ടിപ്പിനെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ട്രംപും അദ്ദേഹത്തിന്റെ മൂത്ത മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് യു.എസ് കോടതിയുടെ ഉത്തരവ്. ട്രംപിന്റെ സ്ഥാപനമായ ദ ട്രംപ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ തെളിവുകൾ കണ്ടെത്തിയതായി ന്യൂയോർക്ക് അറ്റോണി ജനറൽ ലെറ്റിഷ്യ ജെയിംസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപും മക്കളും തെളിവുകൾ നൽകാൻ ഹാജരാകണമെന്ന് അറ്റോണി ജനറൽ രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കാൻ മൂവരും കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ഇത് തള്ളിയ സ്റ്റേറ്റ് ജഡ്‌ജി ആർതർ ഇൻഗൊറോൻ, മൂവരും 21 ദിവസത്തിനുള്ളിൽ തെളിവുകൾ നൽകാൻ അറ്റോണി ജനറലിന്റെ ഓഫീസിൽ ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. ട്രംപ് ഇതിനെതിരെ അപ്പീൽ സമർപ്പിച്ചേക്കും.