
ലണ്ടൻ : ബ്രിട്ടീഷ് തീരത്ത് കനത്ത നാശംവിതച്ച് യൂനിസ് കൊടുങ്കാറ്റ്. ഇംഗ്ലണ്ടിൽ നിരവധി പേർക്ക് പരിക്കേറ്റു. അയർലൻഡിൽ ഒരാൾ മരിച്ചു. യു.കെയുടെ വിവിധ ഭാഗങ്ങളിലായി 200,000ത്തോളം വീടുകളിൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നൂറുകണക്കിന് ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വീശുന്ന ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റായ യൂനിസിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 122 മൈൽ വേഗതയിൽ വരെ യൂനിസ് വീശിയടിച്ചതോടെ ലണ്ടനിൽ ഉൾപ്പെടെ യു.കെയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം സ്തംഭിച്ചു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 5 മണിയോടെ തെക്കൻ വെയ്‌ൽസിലാണ് യൂനിസ് ആദ്യം വീശിയടിച്ചത്.