
വെസ്റ്റ് ഇൻഡീസിനെ രണ്ടാം ട്വന്റി-20യിലും തോൽപ്പിച്ച ഇന്ത്യയ്ക്ക് പരമ്പര
കൊൽക്കത്ത : ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസിനെ തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽപ്പിച്ച ഇന്ത്യ രണ്ടാമത്തെ പരമ്പരയും സഞ്ചിയിലാക്കി. ഇന്നലെ രണ്ടാം ട്വന്റിയിൽ വിൻഡീസിനെ എട്ടു റൺസിന് കീഴടക്കിയ ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തുകയായിരുന്നു. നേരത്തേ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു.
ഇന്നലെ ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 178/3 ൽ അവസാനിക്കുകയായിരുന്നു. മുൻ നായകൻ വിരാട് കൊഹ്ലിയുടെയും (52) വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും (52) അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. വെങ്കിടേഷ് അയ്യർ 33 റൺസെടുത്തപ്പോൾ 19 റൺസ് എക്സ്ട്രാസായി ലഭിച്ചു. വിൻഡീസിനായി റോവ്മാൻ പവൽ(68*),നിക്കോളാസ് പുരാൻ (62) എന്നിവർ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയ ഇഷാൻ കിഷനെ (2) രണ്ടാം ഓവറിൽത്തന്നെ കോട്ടെറെൽ മടക്കി അയച്ചിരുന്നു. തുടർന്ന് ഇപ്പോഴത്തെ ക്യാപ്ടനും മുൻ ക്യാപ്ടനും ക്രീസിലൊരുമിച്ചതോടെ ഇന്ത്യ ഏഴാം ഓവറിൽ 50 കടന്നു. രണ്ട് ഫോറും ഒരു സിക്സുമടക്കം 18 പന്തുകളിൽ 19 റൺസടിച്ച രോഹിതിനെ എട്ടാം ഓവറിൽ ചേസ് ആണ് പുറത്താക്കിയത്. പകരമിറങ്ങിയ സൂര്യകുമാർ യാദവ് (8) പത്താം ഓവറിൽ ചേസിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി.റിഷഭ് പന്തിനെക്കൂട്ടിയാണ് കൊഹ്ലി അർദ്ധസെഞ്ച്വറി തികച്ചത്. 14-ാം ഓവറിൽ ചേസ് തന്നെ വിരാടിനും മടക്ക ടിക്കറ്റ് നൽകി. 41 പന്തുകൾ നേരിട്ട വിരാട് ഏഴുഫോറും ഒരു സിക്സുമടിച്ചു. തുടർന്ന് റിഷഭ് വെങ്കിടേഷിനെയും കൂട്ടി അതിവേഗത്തിൽ സ്കോർ ഉയർത്തി.28 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമാണ് റിഷഭ് പായിച്ചത്.18 പന്തുകൾ നേരിട്ട വെങ്കിടേഷ് നാലുഫോറും ഒരു സിക്സുമടിച്ചു.
മറുപടിക്കിറങ്ങിയ വിൻഡീസിന് ആദ്യ പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുക്കാനായിരുന്നു. പവലും പുരാനും ചേർന്ന് വിജയത്തിലെത്തിക്കും എന്ന് തോന്നിപ്പിച്ചപ്പോഴാണ് 19-ാം ഓവറിൽ പുരാനെ പുറത്താക്കി ഭുവനേശ്വർ വിൻഡീസിന്റെ താളം തെറ്റിച്ചത്.മൂന്നാം ട്വന്റി-20 ഞായറാഴ്ച നടക്കും.