
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന ആവേശകരമായ രണ്ടാംമത്സരത്തിൽ വിൻഡീസിന് എട്ട് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരനും റോവ്‌മാൻ പവലും വിൻഡീസിനായി പൊരുതിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല.
പുരന്‍ 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്തപ്പോള്‍ പവല്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19-ാം ഓവറില്‍ പുരനെ മടക്കി ഭുവനേശ്വര്‍ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്.
അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഋഷഭ് പന്ത് വെറും 28 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 41 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്തു.