
തൃശൂർ: നടുറോഡിൽ പെൺകുട്ടിയുമൊത്ത് ബൈക്കിൽ സ്‌റ്റണ്ട് നടത്തി അപകടമുണ്ടാക്കിയപ്പോൾ നാട്ടുകാർ കൈവച്ചു, ഇന്ന് ഹാഷിഷ് ഓയിലുമായി കൂട്ടുകാരനൊപ്പം പിടിയിലായി. തൃശൂർ ചീയാരത്ത് ബൈക്ക് അഭ്യാസം കാട്ടി അപകടമുണ്ടാക്കിയ അമലിനെയാണ് ഇന്ന് ഹാഷിഷ് ഓയിലുമായി പൊലീസ് പൊക്കിയത്.
നെല്ലായിയിൽ വാഹനപരിശോധനക്കിടെയാണ് 300 ഗ്രാം ഹാഷിഷ് ഓയിലുമായി കൂട്ടുകാരൻ അനുഗ്രഹിനൊപ്പം അമൽ പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് 30 ലക്ഷം രൂപ വിലവരും. മുൻപ് ബൈക്ക് അഭ്യാസം കാട്ടി പെൺകുട്ടിയ്‌ക്ക് അപകടമുണ്ടായത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്‌തപ്പോൾ അമൽ ഇയാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ആൾക്കൂട്ടം അമലിനെ പൊതിരെ തല്ലിയിരുന്നു. തന്നെ അകാരണമായി മർദ്ദിച്ചെന്ന് അമൽ പരാതിപ്പെട്ടതോടെ ഒല്ലൂർ പൊലീസ് അന്ന് നാട്ടുകാർക്കെതിരെയും കേസെടുത്തിരുന്നു.