dollar

ന്യൂഡൽഹി: ഇന്ത്യയിൽ ഡോളർ മില്യണയർമാർ (ഏഴുകോടി രൂപയ്ക്കുമേൽ ആസ്‌തിയുള്ളവർ) കൂടുന്നുവെന്ന് ഹുറൂൺ റിപ്പോർട്ട്. 2020നേക്കാൾ 11 ശതമാനം വർദ്ധിച്ച് 2021ൽ ഡോളർ മില്യണയർ കുടുംബങ്ങൾ 4.58 ലക്ഷത്തിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു.

130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ അഞ്ചുലക്ഷത്തിൽ താഴെ കുടുംബങ്ങളേ ഏഴുകോടി രൂപയ്ക്കുമേൽ ആസ്‌തിയുള്ളവരായുള്ളൂ എന്നത് കൗതുകമാണ്. രാജ്യത്ത് കൊവിഡിൽ സാമ്പത്തിക അസമത്വം ശക്തമായെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതുമാണ് ഹുറൂണിന്റെ കണക്ക്. നേരത്തേ, ഓക്‌സ്‌ഫോം സംഘടന പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം കൊവിഡിൽ ഇന്ത്യയിൽ 4.6 കോടിപ്പേർ അതിദാരിദ്ര്യത്തിലേക്ക് വീണുവെന്ന് വ്യക്തമാക്കിയിരുന്നു.

കൊവിഡിൽ ആഗോളതലത്തിൽ അതിദാരിദ്രത്തിലേക്ക് വീണവരിൽ പാതിയും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ സംയുക്ത ആസ്‌തി 77,500 കോടി ഡോളറാണെന്നും ഓക്‌സ്‌ഫാം വ്യക്തമാക്കിയിരുന്നു; ഏകദേശം 58.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഡോളർ മില്യണയർമാരിൽ വ്യക്തിഗത, പ്രൊഫഷണൽ ജീവിതത്തിൽ സംതൃപ്തർ 66 ശതമാനം പേർ മാത്രമാണെന്ന് ഹുറൂൺ റിപ്പോർട്ട് പറയുന്നു. 2020ൽ 72 ശതമാനം പേർ 'ഹാപ്പി" ആയിരുന്നു. 2026ഓടെ ഡോളർ മില്യണയർ കുടുംബങ്ങളുടെ എണ്ണം 30 ശതമാനം വർദ്ധിച്ച് ആറുലക്ഷം കവിയുമെന്നും റിപ്പോർട്ടിലുണ്ട്.

മുംബയ് ഇന്ത്യൻസ് !

ഇന്ത്യയിൽ ഏറ്റവുമധികം ഡോളർ മില്യണയർ കുടുംബങ്ങളുള്ളത് മുംബയിലാണ്; 20,300. ഡൽഹി 17,400 കുടുംങ്ങളുമായി രണ്ടാമതാണ്. കൊൽക്കതയാണ് മൂന്നാമത്; 10,500 കുടുംബങ്ങൾ.

 ഈ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ ഏറെ താത്പര്യം അമേരിക്കയിലാണ്. യു.കെ., ന്യൂസിലൻഡ്, ജർമ്മനി എന്നിവയാണ് അമേരിക്കയ്ക്ക് തൊട്ടുപുറകിലുള്ളത്.

 മില്യണയർമാരുടെ ഇഷ്‌ട വാഹന ബ്രാൻഡ് മെഴ്‌സിഡെസ്-ബെൻസ്. ആഭരണ ബ്രാൻഡ് ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക്. വാച്ചുകളിൽ റോളെക്‌സ്.