deepu

കിഴക്കമ്പലം: സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ കുഞ്ഞാറുവിന്റെ മകൻ സി.കെ. ദീപുവാണ്(38) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക.

ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. മൃതദേഹം മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി 20 നഗറിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് ദീപുവിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ പോയാലോ പരാതി നൽകിയാലോ കൊന്നുകളയുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം നിഷ അലിയാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കഠിനമായ തലവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ദീപുവിനെ പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗിൽ തലയിൽ രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ദീപു. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.