accident

പാലക്കാട്: കെ എസ് ആർ ടി സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദൃശ്യങ്ങൾ കണ്ടാൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് തോന്നുമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ ബൈജുനാഥ്. ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

റോഡിൽ തർക്കമുണ്ടായാലും ജീവൻ എടുക്കുക എന്ന നിലയിലേക്ക് മാറുന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സി എൽ ഔസേപ്പിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽവിട്ടു.

അപകടത്തിൽ പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ്‌ മരിച്ചത്. ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും, ഈ വൈരാഗ്യത്തിലാണ് ബസിടിപ്പിച്ചതെന്നും ആരോപണമുയർന്നിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് യുവാക്കളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.