deepu-sabu

കൊച്ചി: ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റേത് സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് സാബു എം ജേക്കബ്. പ്രൊഫഷണൽ സംഘമാണ് കൃത്യം നടത്തിയത്. പുറമേയ്ക്ക് പരിക്കില്ലാതെയാണ് കൊലപാതകം, അതുകൊണ്ടുതന്നെ ഇത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ട്വന്റി 20 തുടങ്ങിയതുമുതൽ ദീപു സജീവ പ്രവർത്തകനായിരുന്നുവെന്ന് സാബു കൂട്ടിച്ചേർത്തു.

ശ്രീനിജൻ എംഎൽഎയായതോടെ ആക്രമണം കൂടിയെന്ന് സാബു ജേക്കബ് ആരോപിച്ചു. പത്ത് മാസമായി ക്രമസമാധാനം തകർന്ന നിലയിലാണ്. അൻപതോളം ട്വന്റി 20 പ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്നും അക്രമം നടന്നാൽ പരാതി പറയാൻ പോലും പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'കേസിലെ ഒന്നാം പ്രതിയായി ചേർക്കേണ്ടത് ശ്രീനിജനെയാണ്. കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും അക്രമിസംഘം എംഎൽഎയുമായി ബന്ധപ്പെട്ടു. ഈ പ്രദേശങ്ങളെല്ലാം വളരെ സമാധാനമായി പോയിക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് മാസക്കാലമായി അക്രമങ്ങളുടെ പരമ്പരയാണ്. ലൈസൻസ് കൊടുത്ത് ഗുണ്ടകളെ ഇറക്കിവിട്ടിരിക്കുകയാണ്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, ഞാനിവിടെയുണ്ട് നോക്കിക്കോളാമെന്ന് പറഞ്ഞ്. കീഴ്‌ക്കോടതി മുതൽ സുപ്രീം കോടതിവരെ സ്വാധീനമുള്ള ആളുകളാണ്.'- സാബു പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്‌ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. തലവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ദീപു മരിച്ചത്.

ദീപുവിന്റെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് ശ്രീനിജൻ എംഎൽഎ ആവശ്യപ്പെട്ടു. ദീപുവിന്റെ മൊഴിയിൽ മർദ്ദനമേ​റ്റതായി പറഞ്ഞിട്ടില്ലെന്ന് അറിയുന്നു. ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചതെന്നും തെളിയേണ്ടതുണ്ട്. സംഭവത്തെ സിപിഎമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎൽഎ പറഞ്ഞു.