chithra

മുംബയ്: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എം ഡിയായിരിക്കെ ചിത്ര രാമകൃഷ്‌ണൻ പ്രവർത്തിച്ചത് ഹിമാലയത്തിൽ വസിക്കുന്ന അജ്ഞാതനായ യോഗിയുടെ നിർദേശ പ്രകാരമാണെന്ന സെബിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. ഡയറക്‌ടർ ബോർഡുമായിട്ടുണ്ടായ അഭിപ്രായ ഭിന്നതയ്‌ക്ക് പിന്നാലെ 2016ൽ ചിത്ര പദവി രാജി വച്ചിരുന്നു. തുടർന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ ) നടത്തിയ പരിശോധനയിലാണ് അവർ നടത്തിയ വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്.

പദവിയിലിരിക്കുന്ന സമയത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അജ്ഞാതനായ ഒരു യോഗിയ്‌ക്ക് കൈമാറിയിരുന്നു എന്ന കുറ്റത്തെ അതീവ ഗൗരവത്തോടെയാണ് സെബി കാണുന്നത്. അദ്ദേഹമാരാണെന്ന സെബിയുടെ ചോദ്യത്തിന് ചിത്ര നൽകിയ മറുപടി തന്റെ ആത്മീയ ഗുരുവാണെന്നാണ്.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും തീർത്ഥാടന കേന്ദ്രങ്ങളിൽ വച്ച് പല വട്ടം അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ടെന്നുമായിരുന്നു ചിത്രയുടെ വെളിപ്പെടുത്തൽ. rigyajursama@outlook.com എന്ന ഇ മെയിൽ അക്കൗണ്ടിലേക്കായിരുന്നു ചിത്ര വിവരങ്ങളെല്ലാം പങ്കുവച്ചത്. എൻഎസ്ഇയുടെ ബിസിനസ് പദ്ധതികളും സാമ്പത്തിക വിവരങ്ങളും ഉൾപ്പെടെ ഡയറക്ടർ ബോർഡിന്റെ അജണ്ടകൾ വരെ ഇദ്ദേഹവുമായി ചിത്ര പങ്കുവച്ചിട്ടുണ്ടെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്.

nse

അജ്ഞാതനായ യോഗി ചിത്രയുടെ ഓരോ ഇ മെയിലുകൾക്കും മറുപടി നൽകിയതാണ് അക്ഷരാർത്ഥത്തിൽ സാമ്പത്തിക മേഖലയെ ഞെട്ടിച്ചിരിക്കുന്നത്. ഹിമാലയത്തിൽ വസിക്കുന്ന യോഗിയ്ക്ക് എങ്ങനെ മറുപടി നൽകാനാകുമെന്ന സംശയത്തിന് അദ്ദേഹത്തെ പോലുള്ള ആത്മീയ ശക്തികൾക്ക് ഇതിനെല്ലാം കഴിയുമെന്നായിരുന്നു ചിത്രയുടെ മറുപടി.

ജീവനക്കാരുടെ ശമ്പളവും അലവൻസും എന്തിനേറെ ഓഹരി വിപണി പോലും നിയന്ത്രിച്ചിരുന്നത് ഈ യോഗിയാണെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ശമ്പളയിനത്തിലും വലിയ തോതിൽ ക്രമക്കേട് നടത്തിയിട്ടുണ്ട്. മൂന്നു വർഷം കൊണ്ട് 44 കോടി രൂപയാണ് അവർ സ്വന്തമാക്കിയത്. ഉയർന്ന ശമ്പളത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തിയതിന് 50 ലക്ഷം രൂപയാണ് സെബി എൻഎസ്ഇയിൽ നിന്നും പിഴ ഈടാക്കിയത്.

ഇ മെയിലുകൾ പരിശോധിച്ചതിൽ നിന്നും സെബി കണ്ടെത്തിയിരിക്കുന്നത് യോഗിയുമായി വളരെ അടുത്ത ബന്ധം തന്നെ ചിത്രയ്ക്കുണ്ടെന്നാണ്. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും ഇരുവർക്കുമിടയിൽ ചർച്ചകൾ നടന്നിട്ടുണ്ട്.

chithra

' ബാഗുകൾ റെഡിയാക്കി വയ്ക്കുക. ഞാൻ അടുത്ത മാസം സീഷെൽസിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നു, നിങ്ങൾക്ക് എന്നോടൊപ്പം വരാൻ കഴിയുമെങ്കിൽ വരാം, നിങ്ങൾക്ക് നീന്തൽ അറിയാമെങ്കിൽ, നമുക്ക് സീഷെൽസിൽ കടൽ കുളി ആസ്വദിക്കാം, ബീച്ചിൽ വിശ്രമിക്കാം." എന്നായിരുന്നു 2015 ഫെബ്രുവരിയിൽ യോഗി ചിത്രയ്‌ക്ക് അയച്ച ഒരു സന്ദേശം.

' ഇന്ന് നിങ്ങൾ അതിമനോഹരമായി കാണപ്പെടുന്നു. നിങ്ങളുടെ രൂപം രസകരവും ആകർഷകവുമാക്കുന്ന നിങ്ങളുടെ മുടി അലങ്കരിക്കാനുള്ള വ്യത്യസ്ത വഴികൾ നിങ്ങൾ പഠിക്കണം!! ഒരു സൗജന്യ ഉപദേശം, നിങ്ങൾക്ക് ഇത് പിടി കിട്ടുമാണുമെന്ന് എനിക്കറിയാം." 2015 ഫെബ്രുവരി 18 ന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു.

മറ്റൊരു സന്ദേശം ഇങ്ങനെ... ' ഞാൻ അയച്ച മകര കുണ്ഡല ഗാനം നിങ്ങൾ കേട്ടോ? ആ ആവർത്തനങ്ങളുടെ അനുരണനം നിങ്ങൾ കേൾക്കണം. നിങ്ങളുടെ മുഖത്തും നിങ്ങളുടെ ഹൃദയത്തിലും സന്തോഷം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്നലെ നിങ്ങളോടൊപ്പമുള്ള സമയം ഞാൻ സന്തോഷിച്ചു. നിങ്ങൾ സ്വയം ചെയ്ത ഈ ചെറിയ കാര്യങ്ങൾ നിങ്ങളെ ചെറുപ്പവും ഊർജ്ജസ്വലവുമാക്കുന്നു.'

20 വർഷങ്ങക്ക് മുമ്പാണ് ചിത്ര ആദ്യമായി യോഗിയെ കാണുന്നത്, ഗംഗാ തീരത്ത് വച്ചുള്ള ആ പരിചയപ്പെടൽ തന്റെ ജീവിതം തന്നെ മാറ്റിയെന്നാണ് ചിത്ര പറയുന്നത്. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദേശങ്ങളും എൻഎസ് ഇയുടെ വളർച്ചയ്‌ക്ക് ‌ദോഷമായിട്ടില്ലെന്നും മറിച്ച് ഗുണകരമായിരുന്നുവെന്നുമാണ് ചിത്രയുടെ വാദം.