
ഹൗസ്‌ഫുൾ, ബാഗി, കിക്ക് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സാജിദ് നദിയാദ്‌വാല എന്ന പ്രശസ്ത ബോളിവുഡ് സംവിധായകന്റെ ജന്മദിനമായിരുന്നു ഫെബ്രുവരി 18. എന്നാൽ സാജിദ് നദിയാദ്‌വാല എന്ന പേരിനൊപ്പം എഴുതിചേർക്കപ്പെട്ടിരിക്കുന്ന മറ്റൊരു പേര് കൂടിയുണ്ട്. ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ അതേ മുഖച്ഛായയുള്ള ദിവ്യ ഭാരതി എന്ന അഭിനേത്രിയുടെ. സാജിദിന്റെ ആദ്യഭാര്യയായിരുന്നു ദിവ്യ ഭാരതി. 19ാം വയസിൽ വിടപറഞ്ഞ ദിവ്യ ഭാരതിയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.
സിനിമയിലേക്ക്

കുട്ടിത്തവും പ്രസരിപ്പും സൗന്ദര്യവും നിറഞ്ഞുതുളുമ്പിയിരുന്ന ദിവ്യ ഭാരതി വിടരും മുൻപേ കൊഴിഞ്ഞില്ലായിരുന്നുവെങ്കിൽ ബോളിവുഡിലെ താരറാണിപട്ടം സ്വന്തമാക്കുമായിരുന്നു എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ആദ്യകാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായിരുന്നു ദിവ്യ. ദീവാന, ദിൽ ആഷ്നാ ഹേ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും ജോഡിയ്ക്ക് ആരാധകരും ഏറെയായിരുന്നു. ബോളിവുഡിന് പുറമേ തെലുങ്ക് ചിത്രങ്ങളിലും ദിവ്യ അഭിനയിച്ചിരുന്നു. 1990ൽ പതിനാറാം വയസിൽ ബോബിലി രാജ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ദിവ്യ സിനിമാ ജീവിതം ആരംഭിച്ചത്. വെങ്കടേഷ് നായകനായ ചിത്രം ഹിറ്റായതോടെ ദിവ്യയും ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചു. പിന്നീടഭിനയിച്ച തെലുങ്ക് ചിത്രങ്ങളെല്ലാം വമ്പൻ വിജയമായിരുന്നു. ചിരഞ്ജീവി, മോഹൻ ബാബു, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയാകാനും ദിവ്യയ്ക്ക് കഴിഞ്ഞു. പിന്നാലെ ബോക്‌സ് ഓഫീസ് റേറ്റിംഗിൽ 17 വയസുള്ള ദിവ്യ ഭാരതി അക്കാലത്ത് താരപദവിയിൽ മുന്നിലായിരുന്ന വിജയശാന്തിക്ക് ഒപ്പമെത്തിയാണ് തന്റെ കഴിവ് തെളിയിച്ചത്. ഇതിന് പിന്നാലെ ദിവ്യയെ തേടി ബോളിവുഡ് സംവിധായകരെത്തി. സണ്ണി ഡിയോളിന്റെ നായികയായി വിശ്വാത്മ എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ ബോളിവുഡിലെ അരങ്ങേറ്റം.
പിന്നാലെയെത്തിയ ഷോല ഓർ ശബ്നം, ജാൻ സേ പ്യാരാ, ബൽവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ദിവ്യയുടെ താരമൂല്യവും ഉയർന്നു. എന്തിനേറെ ബോളിവുഡ് കണ്ട എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ദിൽ വാലെ ദുൽഹനിയ ലേ ജായെംഗെയിൽ വരെ താരം ഭാഗമാകുമായിരുന്നു. എന്നാൽ കാലം കാത്തുവച്ച വിധി മറ്റൊന്നായിരുന്നു.
രഹസ്യവിവാഹം

ഷോലെ ഓർ ശബ്നം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ചിത്രത്തിലെ നായകനായ ഗോവിന്ദ വഴിയാണ് സംവിധായകനും നിർമാതാവുമായ സാജിദ് നദിയാദ്‌വാലയെ ദിവ്യ ഭാരതി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയമാവുകയും വീട്ടുകാരുടെ എതിർപ്പിനിടയിലും ഇരുവരും1992ൽ രഹസ്യമായി വിവാഹിതരാവുകയും ചെയ്തു. ദിവ്യയുടെ ഹെയർസ്റ്റൈലിസ്റ്റായ സന്ധ്യ, അവരുടെ ഭർത്താവ് എന്നിവർ മാത്രമായിരുന്നു വിവാഹചടങ്ങിൽ സന്നിഹിതരായിരുന്നത്. ദിവ്യയുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്നായിരുന്നു ഇരുവരും വിവാഹം രഹസ്യമാക്കി വച്ചത്.
അഞ്ച് ഏപ്രിൽ 1993 എന്ന കറുത്ത ദിനം

സിനിമ മേഖലയിൽ കത്തിജ്വലിച്ചു നിന്നിരുന്ന സമയത്തെ ദിവ്യയുടെ അപ്രതീക്ഷിത മരണം ബോളിവുഡിനെയും ടോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. മുംബയിൽ ഒരു 4ബിഎച്ച്കെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ദിവ്യ അന്ന്. ഇത് പങ്കുവയ്ക്കുന്നതിനായി തന്റെ പ്രിയ സുഹൃത്തായ നീത ലുല്ലയെയും ഭർത്താവ് ശ്യാം ലുല്ലയെയും ദിവ്യ മുംബയ് വെർസോവയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. രാത്രി പത്ത് മണിയോടെയാണ് നീതയും ഭർത്താവും ദിവ്യയുടെ ഫ്ളാറ്റിൽ എത്തിയത്. ജോലിക്കാരിയായ അമൃതയും ദിവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ചും ആഹാരം കഴിച്ചും ഏറെ സംസാരിച്ചും മൂവരും രാത്രി പിന്നിട്ടു. തുടർന്ന് കുറച്ചുകഴിഞ്ഞപ്പോൾ ദിവ്യ ജോലിക്കാരിയുമായി സംസാരിച്ചുകൊണ്ട് അടുക്കളഭാഗത്തേക്ക് പോയി. പിന്നാലെ തനിക്കേറെ ഇഷ്ടപ്പെട്ട ബാൽക്കണിയിലേക്ക് തുറക്കുന്ന അടുക്കളയിലെ ജനാലയ്ക്കരികെ ഇരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് ദിവ്യ താഴേക്ക് പതിച്ചു. നീതയും ഭർത്താവും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ എല്ലാം അവസാനിച്ചിരുന്നു. സാധാരണയായി പാർക്കിംഗിൽ നിരവധി വാഹനങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും അന്ന് പതിവിന് വിപരീതമായി വാഹനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നീതയും ഭർത്താവും ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന പ്രിയ സുഹൃത്തിനെയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ദിവ്യ മരിച്ചത്.
ആത്മഹത്യയോ കൊലപാതകമോ

സിനിമാലോകത്തെ ഞെട്ടിച്ച മരണത്തിന് പിന്നാലെ നിരവധി ആരോപണങ്ങളും ഉയർന്നുവന്നു. ദിവ്യയുടെ ഭർത്താവ് സാജിദ് ആണ് മരണത്തിന് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. സാജിദിന്റെ പദ്ധതിപ്രകാരം നടന്ന കൊലപാതകമായിരുന്നു ദിവ്യയുടെ മരണമെന്ന് സംശങ്ങൾ ഉയർന്നു. എന്നാൽ സാജിദിന് ലഹരിമാഫിയയുമായും മറ്റും ബന്ധമുണ്ടായിരുന്നെന്നും ഇത് ദിവ്യ അറിഞ്ഞുവെന്നും മാത്രമല്ല അമ്മയുമായുള്ള സ്വരചേർച്ചയിൽ മനോവിഷമത്തിലായിരുന്നെന്നും ഇതെല്ലാം ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും മറ്റൊരു വാദവും ഉയർന്നുവന്നു. എന്നാൽ സംശങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അപകടമരണമെന്ന് സ്ഥിരീകരിച്ച് 1998ൽ പോലീസ് കേസ് ക്ലോസ് ചെയ്തു.