
വാഷിംഗ്ടൺ: യുക്രെയിൻ അതിർത്തിയിൽ റഷ്യ വിന്യസിച്ച സേനയിൽ 50 ശതമാനവും ആക്രമണത്തിന് സജ്ജരായി കഴിഞ്ഞുവെന്ന് അമേരിക്ക. 1,50,000 സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിൽ 48മണിക്കൂറിനുള്ളിൽ തന്നെ സൈന്യം നിലയുറപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.
സാധാരണ 60 ബറ്റാലിയനാണ് യുക്രെയിൻ അതിർത്തിയിൽ ഉണ്ടാകാറുള്ളത്. എന്നാൽ ഫെബ്രുവരി ആദ്യം തന്നെ റഷ്യ 80 ബറ്റാലിയനായി ഉയർത്തിയിരുന്നു. നിലവിൽ 125 ബറ്റാലിയനെയാണ് യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ഈ ആഴ്ചയിൽ തന്നെ റഷ്യയുടെ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ യുക്രെയിനിലെ ഡോൺബസ് മേഖലയിലെ സൈനികർക്കു നേരെയുള്ള ഷെല്ലാക്രമണം രണ്ടാം ദിവസവും തുടർന്നു. ഇതിനു പിന്നിൽ റഷ്യയാണെന്നാണ് യുക്രെയിൻ ആരോപിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം 700ലേറെ തവണ സ്ഫോടനശബ്ദം കേട്ടതായി നിരീക്ഷകർ അറിയിച്ചു. 2015ലെ വെടിനിർത്തലിനു ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ഷെല്ലാക്രമണമാണ് ഇത്. യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷ യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്ന് അമേരിക്കയും മറ്റ് പല രാജ്യങ്ങളും കുറ്റപ്പെടുത്തി. യുക്രെയിൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദത്തെയും അമേരിക്കയും നാറ്റോയും തള്ളി.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പോളണ്ടിലെത്തി സാഹചര്യം വിലയിരുത്തി. യുദ്ധമുണ്ടാവുകയാണെങ്കിൽ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാകുന്ന പോളണ്ടിന് എല്ലാ സഹായവും അമേരിക്ക വാഗാദാനം ചെയ്തു.