
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ തുടർന്ന് ഗവർണറുമൊത്തുള്ള നിയമസഭാംഗങ്ങളുടെ പതിവ് ഫോട്ടോ സെഷൻ മാറ്റി. നയപ്രഖ്യാപനം സഭയിൽ ഗവർണർ അവതരിപ്പിച്ച ശേഷം ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം അദ്ദേഹം നിന്നുള്ള ഫോട്ടോയെടുക്കുന്ന കീഴ് വഴക്കമുണ്ട്.
നിയമസഭാ മ്യൂസിയത്തിൽ ഈ ഫോട്ടോ ഫ്രെയിം ചെയ്ത് പ്രദർശിപ്പിക്കും. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചാൽ ഫോട്ടോ സെഷൻ ഒഴിവാക്കാമെന്ന് ഇന്നലെ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പു തന്നെ സ്‌പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തി. സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കർ ഇക്കാര്യം അറിയിച്ചു.
സോളാർ വിഷയത്തിലെ ബഹളവുമായി ബന്ധപ്പെട്ട് 2016 ആദ്യവും (ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന സെഷൻ) ഗവർണറുമൊത്തുള്ള ഫോട്ടോ സെഷൻ ഒഴിവാക്കിയിരുന്നു. അതിന് തൊട്ടുമുമ്പ് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗവർണറും നിയമസഭാംഗങ്ങളുമൊത്തുള്ള ഫോട്ടോ നിയമസഭാ ലൈബ്രറിയിലുണ്ട്.
കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 'ഗോ ബാക്ക്' വിളികളോടെയാണ് പ്രതിപക്ഷം വരവേറ്റത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമൊപ്പം ഗവർണർ സഭാ അങ്കണത്തിലേക്ക് കയറിയ ഉടൻ പ്രതിപക്ഷ എം.എൽ.എമാർ ഗോ ബാക്ക് വിളിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുന്നേറ്റ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഗവർണർ അനുവദിച്ചില്ല.
'എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സഭയിൽ അവസരമുണ്ട്. പ്രതിഷേധിക്കേണ്ട സമയം ഇതല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് ' ഗവർണർ പറഞ്ഞു.നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെയാണ് മുദ്രാവാക്യം വിളിച്ചും പ്ളക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.