
കോട്ടയം: കിഴക്കമ്പലത്ത് മർദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
സിപിഎം പ്രവർത്തകരായ നാലുപേർ ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ മർദിച്ചത്. കേസിൽ സിപിഎം കാവുങ്ങൽ പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ(36), പാറാട്ടുവീട്ടിൽ സൈനുദീൻ സലാം(27), നെടുങ്ങാടൻ ബഷീർ(36), വലിയപറമ്പിൽ അസീസ്(42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന 'സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്' പദ്ധതിയെ കുന്നനാട് എംഎൽഎ പിവി ശ്രീനിജിൻ തകർക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേർ ചേർന്ന് ദീപുവിനെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്കക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.