swapna-suresh

കൊച്ചി: എച്ച്ആർഡിഎസിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ആ സ്ഥാപനത്തിലെ ജോലിക്കാരിയാണെന്നും ഇതിനു മുമ്പ് എച്ച്ആർഡിഎസുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അവർ പ്രതികരിച്ചു.

യോഗ്യതയ്ക്കപ്പുറം പ്രതിസന്ധി ഘട്ടത്തിൽ ലഭിച്ച സഹായമാണ് ഈ ജോലി . ഒരു ജോലിയ്ക്ക് വേണ്ടി നിരവധി പേരെ സമീപിച്ചെങ്കിലും തനിക്ക് ജോലി തരാൻ പേടിയാണെന്ന് പലരും പറഞ്ഞതായും സ്വപ്ന പറയുന്നു. അനിൽ എന്ന സുഹൃത്ത് വഴിയാണ് സ്വപ്നയ്ക്ക് എച്ച്ആർഡിഎസിലെ ജോലി ലഭിച്ചത്. ഫോണിലൂടെ നടന്ന രണ്ട് അഭിമുഖങ്ങൾക്ക് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും. എന്തിനാണ് ഇക്കാര്യത്തിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്നതെന്നും സ്വപ്ന ചോദിക്കുന്നു. ജോലിയിൽ നിന്ന് വരുമാനം കിട്ടിയാൽ മാത്രമേ മക്കളുടെ കാര്യങ്ങൾ നോക്കാൻ കഴിയുകയുള്ളു. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത് എന്നും സ്വപ്ന പറഞ്ഞു.

എച്ച്ആർഡിഎസിൽ സ്ത്രീ ശാക്തീകരണ വിഭാഗം ഡയറക്ടർ ആയാണ് സ്വപ്ന ചുമതലയേറ്റത്. മുമ്പ് ജോലി സ്ഥലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും. ദുഖിക്കുന്ന ഒരമ്മ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാനും അവരെ സഹായിക്കാനും പറ്റുമെന്ന വിശ്വാസമുണ്ടെന്നും സ്വപ്ന പറഞ്ഞു. കേസിലുൾപ്പെട്ട പലരും ഇന്ന് പല സ്ഥാപനങ്ങളിൽ തുടരുകയാണ് പിന്നെ എന്തുകൊണ്ട് തനിക്ക് മാത്രം അതിന് സാധിക്കുന്നില്ല എന്നും അവർ ചോദിക്കുന്നു. നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.