putin

റഷ്യയും യുക്രെയിനും വാർത്തകളിൽ ഇടംപിടിച്ചിട്ട് കുറച്ച് ദിവസങ്ങളായി. യുക്രെയിന് ചുറ്റും റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ ഏതു നിമിഷവും ഒരു യുദ്ധമുണ്ടാകുമെന്ന പേടിയിലാണ് ലോകരാജ്യങ്ങൾ. യുഎസും സഖ്യകക്ഷികളും പറയുന്നത്, ഒന്നരലക്ഷത്തിലധികം റഷ്യൻ സൈനികർ യുക്രെയിൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അവർ ആക്രമണത്തിന് തയ്യാറാണെന്നുമാണ്.

രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ വിലയിരുത്തലുകളുടെയും മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ റഷ്യ ദിവസങ്ങൾക്കുള്ളിൽ യുക്രെയിനെ ആക്രമിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് യുക്രെയിനുമായി റഷ്യ ഏറ്റുമുട്ടലിനൊരുങ്ങുന്നുവെന്ന് ചോദിച്ചാൽ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പലതാണ്.

putin

ട്രംപ് ഭരണകൂടത്തിൽ സേവനമനുഷ്‌ഠിച്ച മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥ ഫിയോണ ഹിൽ പറയുന്നത്, വർഷങ്ങളായി പുടിൻ യുക്രെയിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ്. 'റഷ്യ വർഷങ്ങളായി യുക്രെയിനെ നോട്ടമിട്ടിരിക്കുകയാണ്. 2006 ൽ റഷ്യ യുക്രെയിനിലേക്കുള്ള വാതക വിതരണം വിച്‌ഛേദിച്ചു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യുക്രെയിന് മേൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ പല കാലങ്ങളായി നടത്തുന്നുണ്ടായിരുന്നു. ഇപ്പോഴത് തീവ്രമായതാണ്." റഷ്യൻ സാമ്രാജ്യം സൃഷ്‌ടിക്കുക എന്നതാണ് പുടിന്റെ എക്കാലത്തെയും ആഗ്രഹം.

2015 ലെ ഒരു പ്രസംഗത്തിൽ, പുടിൻ യുക്രെയിനെ 'റഷ്യയുടെ രത്നകിരീടം' എന്നാണ് വിശേഷിപ്പിച്ചത്. 2021 ജൂലായിൽ, പുടിൻ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം റഷ്യയെയും യുക്രെയിനെയും ഒരു ജനതയായി വിളിച്ചു. അന്ന് റഷ്യയ്‌ക്കും യുക്രെയിനുമിടയിൽ ഒരു മതിൽ സൃ‌ഷ്ടിച്ചതിന് എതിർശക്തികളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തു. മാതാവായ റഷ്യയിൽ നിന്നും യുക്രെയിൻ വേറിട്ട് നിൽക്കാൻ പാടില്ലെന്ന് വരെ പറഞ്ഞു കളഞ്ഞു.

putin

റഷ്യയ്‌ക്ക് ചുറ്റിലുമുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ കൂടെ നിക്കണമെന്നാണ് പുടിൻ ആഗ്രഹിക്കുന്നതെന്നും പാശ്ചാത്യ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തോട് യുക്രെയിൻ നടത്തിയ പ്രസ്‌താവനകൾ അദ്ദേഹത്തെ രോഷാകുലനാക്കിയെന്നും വിദഗ്ദ്ധർ പറയുന്നുണ്ട്.

'റഷ്യ പഴയ പാരമ്പര്യത്തിലേക്ക് മടങ്ങി പോകണമെന്നും സോവിയറ്റ് യൂണിയന്റെ തലവന്മാരെപ്പോലെയോ തന്നെയും ആളുകൾ ബഹുമാനിക്കണമെന്നും പുടിൻ ആഗ്രഹിക്കുന്നുണ്ട്. ലോക രാജ്യങ്ങൾ റഷ്യയെ ഭയപ്പെടുകയും ഗൗരവമായി പരിഗണിക്കുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് റഷ്യയെ ഉയർത്താനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

സിഐഎയുടെ റഷ്യൻ പ്രോഗ്രാം മുൻ മേധാവി ജോൺ സിഫർ സിഎൻഎന്നിനോട് പറഞ്ഞു. കൂടാതെ,​ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആളുകൾ റഷ്യയിലേക്ക് വരണമെന്ന് പുടിൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.