h

മാറ്റിയത് വൈസ് ചെയർപേഴ്സൺ പദവിയിൽ നിന്ന്

തിരുവനന്തപുരം.കേരള ചലച്ചിത്ര അക്കാഡമിയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ബീനാപോളിനെ മാറ്റിയെങ്കിലും രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്. കെ) ആർട്ടിസ്റ്റിക് ഡയറക്ടറായി അവർ തുടരുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ കേരളകൗമുദിയോടു പറഞ്ഞു. കാലാവധി കഴി‌ഞ്ഞതിനാലാണ് ചെയർമാനു പിന്നാലെ വൈസ് ചെയർമാനെയും മാറ്റിയത്.

മാർച്ച് 18 മുതൽ 25 വരെ നടക്കുന്ന ചലച്ചിത്രോത്സവം സംബന്ധിച്ച പ്രവർത്തനങ്ങളിൽ ബീനാപോൾ സജീവമായിരിക്കെയാണ് വൈസ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് നടൻ പ്രേകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവായത്.അക്കാഡമി ഭരണസമിതി അംഗമാണ് പ്രേംകുമാർ.ചെയർമാൻ സ്ഥാനത്തുനിന്ന് കമലിനെ മാറ്റി സംവിധായകൻ രഞ്ജിത്തിനെ കഴി‌ഞ്ഞമാസം സർക്കാർ നിയോഗിച്ചിരുന്നു.അതേസമയം ചലച്ചിത്ര അക്കാഡമിയുടെ സമ്പൂർണ്ണ പു:നസംഘടന ഐ.എഫ്.എഫ്.കെയ്ക്കു ശേഷമേ നടക്കുകയുള്ളുവെന്നറിയുന്നു.

അപ്രതീക്ഷിതം

ഐ.എഫ്.എഫ്.കെയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ബീനാ പോളിനെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് മാറ്റിയത് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്.പുതിയ ഭരണസമിതിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ബീനാപോളിനെ പരിഗണിക്കുമെന്നു പോലും നേരുത്തെ പറഞ്ഞുകേട്ടിരുന്നു.ഐ.എഫ്.എഫ്.കെയ്ക്ക്അന്തർദ്ദേശീയ തലത്തിൽ അംഗീകാരം നേടിയെടുക്കുന്നതിൽ ഷാജി എൻ.കരുണും അടൂരും കഴിഞ്ഞാൽ ഏറ്റവും വലിയ സംഭാവന നൽകിയത് ബീനാപോളാണ്.കിം കി ഡുകിനെപ്പോലെയുള്ള ചലച്ചിത്ര പ്രതിഭകളെ മലയാളി പ്രേക്ഷകർക്കു പരിചയപ്പെടുത്തിയതും ബീനയായിരുന്നു.ഐ.എഫ്.എഫ്.കെ കഴിഞ്ഞാൽ ബീന തൽസ്ഥാനത്തു തുടരുമോയെന്ന് സംശയമാണ്.എന്നാൽ എല്ലാ സാംസ്ക്കാരിക സ്ഥാപനങ്ങളിലും വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായിട്ടാണ് പ്രേംകുമാറിന്റെ നിയമനമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഐ.എഫ്.എഫ്.കെയിൽ ഒരു ഇടവേളയിലൊഴികെ ദീർഘകാലമായി ബീനാപോൾ ചലച്ചിത്രോത്സവങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.