j

തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. പ്രേക്ഷകരുടെ പ്രിയ നയൻസ്. രണ്ടുപതിറ്റാണ്ട് അടുക്കുന്നു നയൻതാരയുടെ അഭിനയയാത്ര ആരംഭിച്ചിട്ട്.

എന്നും എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് നയൻതാര. നയൻതാര ഇപ്പോൾ അതിരപ്പിള്ളിയിലുണ്ട്. പ്രതിശ്രുത വരൻ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴലിനു ശേഷമാണ് നയൻതാരയും വിഘ്നേശ് ശിവനും അതിരപ്പിള്ളിയിൽ എത്തിയത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. നയൻതാരയ്ക്കൊപ്പം സാമന്തയും ചിത്രത്തിൽ നായികയാണ്. കാത്തുവക്കുലെ രണ്ടു കാതലിനുശേഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ആരാധകലോകം. കാത്തുവാക്കിലെ രണ്ടു കാതൽ നിർമ്മിക്കുന്നത് റൗഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ് നേശ് ശിവനും നയൻതാരയും ചേർന്നാണ്. നെട്രികൺ എന്ന നയൻതാര ചിത്രമാണ് റൗഡി പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭം. നയൻതാര നായികയായി വിഘ്നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.

നായക പ്രധാനമായ തമിഴ് ചിത്രങ്ങളിൽ പോലും തന്റെ അപാരമായ സ്‌ക്രീൻ സാന്നിദ്ധ്യംകൊണ്ട് നയൻതാര ഏവരുടെയും മനം കവരുന്ന യാത്രയായിരുന്ന തുടക്കത്തിൽ. തുടർന്ന് നായക കേന്ദ്രകഥാപാത്രമായി സിനിമ. അവ എല്ലാം സൂപ്പർ ഹിറ്റുകൾ. ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര ആ സ്ഥാനത്തിന് തുടരുന്നതിന് കാരണം കണ്ടെത്താൻ ശ്രമിച്ചവർക്ക് നിത്യവും ചെയ്യുന്ന തീവ്രമായ വെയ്‌റ്റ് ട്രെയ്‌നിങ് വ്യായാമമാണ് ഉത്തരമായി കണ്ടെത്തിയത്. വയസ് 36 പിന്നിടുമ്പോഴും പ്രായം തൊട്ടുതീണ്ടാത്ത അഴകളവുകളും സൂപ്പർഹിറ്റായ ശരീരവും താരം കാത്തുസൂക്ഷിക്കുന്നു. വിഘ്നേശ് ശിവൻ നയൻതാരയ്ക്ക് വിക്കി ആണ്. പ്രണയസാഫല്യത്തിന്റെ ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് വിഘ്‌നേശ് ശിവനും നയൻതാരയും. വൈകാതെ നയൻതാര സംവിധായികയാകുമെന്ന തമിഴ് ചലച്ചിത്ര ലോകം പറയുന്നു. മുൻപ് നായികയായി അഭിനയിച്ച അരം എന്ന ചിത്രത്തിൽ സഹസംവിധായികയുടെ റോളിൽ എത്തിയിരുന്നു.

പ്രിയദർശിനി രാംദാസ് ലുക്കിൽ നയൻസ്

മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്‌ഫാദറിൽ നയൻതാര അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസിന്റെ ലുക്ക് പുറത്തിറങ്ങി. മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രമാണ് നയൻതാര പുനരവതരിപ്പിക്കുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ ആണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. മോഹൻരാജ സംവിധാനം ചെയ്ത തനി ഒരു പവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിലും നയൻതാര ആയിരുന്നു നായിക.