juvanile-justice-act

വിതുര: ഭർത്താവിനേയും പന്ത്രണ്ടും, ഏഴും വയസുള്ള കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട്പ്രകാരം അറസ്റ്റ് ചെയ്തു.

തൊളിക്കോട് പുളിമൂട് സ്വദേശിയാണ് കാമുകനൊപ്പം ഇക്കഴിഞ്ഞ 14ന് നാടുവിട്ടത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് വിതുര പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും കാമുകന്റെ വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും കൊല്ലത്ത് ഒരു കോളനിയിൽ താമസിക്കുന്നതായി കണ്ടെത്തി.

പൊലീസ് കൊല്ലത്തെത്തിയപ്പോൾ ഇരുവരും അവിടെ നിന്നും മുങ്ങി. തുടർന്ന് വീണ്ടും നടത്തിയ അന്വേഷണത്തിൽ കൊല്ലം തലച്ചിറ എന്ന സ്ഥലത്ത് ഇരുവരുമുള്ളതായി വിവരം ലഭിച്ചു.പൊലീസ് അവിടെയെത്തിയപ്പോൾ കാമുകൻ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതിയെ പൊലീസ് പിടികൂടുകയും ബാലനീതിവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷ്, എ.എസ്.ഐ അൻസറുദ്ദീൻ, സി.പി.ഒ ജസീൽ, സീനിയർസിവിൽപൊലീസ് ഒാഫീസർ നസീറ, സി.പി.ഒ ഗായത്രി എന്നിവർ ചേർന്നാണ് യുവതിയെ കണ്ടെത്തിയത്.