
തിരുവനന്തപുരം : പല തവണ ലഭിച്ച ഇന്ത്യൻ ടീമിലെ സ്ഥാനം സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഉറപ്പാക്കാൻ കഴിയാതിരുന്ന സഞ്ജു സാംസണിന് ഇത്തവണത്തെ അവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സഞ്ജുവിന്റെ പിന്നാലെയെത്തുകയും മൂന്ന് ഫോർമാറ്റുകളിലും സ്ഥിരം വിക്കറ്റ് കീപ്പറാവുകയും ചെയ്ത റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാലാണ് സഞ്ജുവിനെ ശ്രീലങ്കയുമായുള്ള പരമ്പരയിലെ ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘത്തിൽ ഒൗദ്യോഗിക വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത് ഇഷാൻ കിഷനെയാണെങ്കിലും വിരാട് കൊഹ‌്ലിയും ടീമിലില്ലാത്തതിനാൽ മദ്ധ്യനിരയിൽ സഞ്ജുവിന് കളത്തിലിറങ്ങാൻ അവസരം ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
2019ലെ സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജുവിന് ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞ് കളിക്കാൻ അവസരം ലഭിക്കുന്നത്. 24 പന്തുകളിൽ 19 റൺസാണ് ആ മത്സരത്തിൽ നേടിയത്. പിന്നീട് ഇടയ്ക്കും മുറയ്ക്കും ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല. കഴിഞ്ഞ ജൂലായ്‌യിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ രണ്ടാം നിര ടീമിലാണ് അവസാനമായി കളിച്ചത്. ഈ പര്യടനത്തിൽ ഏകദിന അരങ്ങേറ്റം നടത്തി 46 റൺസടിച്ചെങ്കിലും പിന്നീട് അവസരങ്ങളൊന്നും എത്തിയിരുന്നില്ല.തുടർന്ന് നടന്ന ട്വന്റി-20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസ് മാത്രം നേടാനായതോടെ ട്വന്റി-20 ടീമിലേക്കോ തുടർന്ന് ന്യൂസിലാൻഡിനെതിരെ നടന്ന പരമ്പരയിലേക്കോ വിളി വന്നില്ല.
രോഹിത് ശർമ്മയുടെ നേതൃത്വത്തിന് കീഴിൽ അടുത്ത ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കുകയാണ് സെലക്ടർമാരും കോച്ച് രാഹുൽ ദ്രാവിഡും. അവരുടെ റഡാറിൽ നിന്ന് സഞ്ജു ഒഴിവായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സെലക്ഷൻ. ഈ പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഐ.പി.എല്ലിൽ സഞ്ജുവാണ് രാജസ്ഥാൻ റോയൽസിന്റെ നായകൻ. ദേശീയ ടീമിൽ സ്ഥിരത തെളിയിക്കാൻ കഴിയാതിരിക്കുമ്പോഴും സഞ്ജുവിന് പിടിവള്ളിയായത് ഐ.പി.എല്ലിലെ പ്രകടനങ്ങളായിരുന്നു. സമയം തെളിയുകയാണെങ്കിൽ രോഹിതിന് കീഴിൽ സ്ഥിരസാന്നിദ്ധ്യമായി മാറാൻ ഈ 27കാരന് കഴിയും.
മൂന്ന് ഫോർമാറ്റിലും രോഹിത്
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾക്കുള്ള ടീം പ്രഖ്യാപനത്തോടെ മൂന്ന് ഫോർമാറ്റുകളിലെയും നായകസ്ഥാനം ഒൗദ്യോഗികമായി രോഹിതിലെത്തി. കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് ട്വന്റി-20 ക്യാപ്ടൻസിയിൽ നിന്ന് വിരാട് ഒഴിഞ്ഞത്. തുടർന്ന് ഏകദിന ക്യാപ്ടൻസിയിൽ നിന്ന് വിരാടിനെ സെലക്ടർമാർ മാറ്റി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തോൽവിക്ക് ശേഷം ടെസ്റ്റ് ക്യാപ്ടൻസിയും വിരാട് ഉപേക്ഷിച്ചതോടെയാണ് മൂന്ന് ഫോർമാറ്റിലെയും നായക പദവി രോഹിതിനെത്തേടി എത്തിയത്.
മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ട്വന്റി-20യിൽ വിശ്രമം അനുവദിച്ചു. ഋഷഭിന് പകരം ഇഷാൻ കിഷനാണ് ട്വന്റി-20യിൽ വിക്കറ്റ് കീപ്പറാകുക. പരിക്കേറ്റ് പുറത്തായിരുന്ന ആൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി-20 ടീമിൽ തിരിച്ചെത്തി.
ഫോമിലല്ലാത്ത വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനയേയും ചേതേശ്വർ പൂജാരയേയും ടെസ്റ്റ് ടീമിൽ ഒഴിവാക്കി. സൗരഭ് കുമാറാണ് ടെസ്റ്റ് ടീമിലെ പുതുമുഖം. 2019-2020 രഞ്ജി ട്രോഫി സീസണിൽ 28-കാരനായ സൗരഭ് 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു സൗരഭ്. സ്പിൻ ബൗളർ കുൽദീപ് യാദവ് ഇരുടീമിലും ഇടം കണ്ടെത്തി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എസ് ഭരത് ടെസ്റ്റ് ടീമിലുണ്ട്.
രണ്ട് ടെസ്റ്റ്, മൂന്ന് ട്വന്റി-20
ഫെബ്രുവരി 24ന് ട്വന്റി-20യോടെയാണ് ഇന്ത്യ - ശ്രീലങ്ക പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് ട്വന്റി-20യിലുള്ളത്. അതിനുശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.
ട്വന്റി-20കൾ
1. ഫെബ്രുവരി 24 - ലക്നൗ
2. ഫെബ്രുവരി 26- ധർമ്മശാല.
3. ഫെബ്രുവരി 27 - ധർമ്മശാല
ടെസ്റ്റുകൾ
1. മാർച്ച് 4-8 : മൊഹാലി
2. മാർച്ച് 12-16 : ബാംഗ്ളൂർ
ബാംഗ്ളൂരിലേത് ഡേ ആൻഡ് നൈറ്റ് ടെസ്റ്റായിരിക്കും.
ടെസ്റ്റ് ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ),ബുംറ (വൈസ് ക്യാപ്ടൻ),പ്രിയങ്ക് പഞ്ചൽ,മയാങ്ക് അഗർവാൾ,വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,ഹനുമ വിഹാരി,ശുഭമാൻ ഗിൽ,റിഷഭ് പന്ത്,കെ.എസ്.സരത്,രവീന്ദ്ര ജഡേജ,ജയന്ത് യാദവ്,ആർ.അശ്വിൻ,കുൽദീപ് യാദവ്,സൗരഭ്കുമാർ,സിറാജ്,ഉമേഷ് യാദവ്,ഷമി.
ട്വന്റി-20 ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ),ബുംറ (വൈസ് ക്യാപ്ടൻ), റിതുരാജ് ഗെയ്ക്ക്‌വാദ്,ശ്രേയസ് അയ്യർ,സൂര്യകുമാർ യാദവ്,സഞ്ജു സാംസൺ,ഇഷാൻ കിഷൻ,വെങ്കടേഷ് അയ്യർ,ദീപക് ചഹർ,ദീപക് ഹൂഡ,രവീന്ദ്ര ജഡേജ,ചഹൽ,രവി ബിഷ്ണോയ്,കുൽദീപ യാദവ്,സിറാജ്,ഭുവനേശ്വർ,ഹർഷൽ പട്ടേൽ,ആവേഷ് ഖാൻ.