
കീവ് : യുക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ സ്പേസ് ടെക്നോളജി കമ്പനിയായ മാക്സർ പുറത്തുവിട്ടു. സൈനികപിന്മാറ്റം തുടരുകയാണെന്ന് റഷ്യ അവകാശവാദമുന്നയിക്കുന്നതിന് പിന്നാലെയാണിത്.റഷ്യ തങ്ങളുടെ ചില സൈനിക ഉപകരണങ്ങൾ ഉക്രെയിന് സമീപമുള്ള തന്ത്രപരമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഇതോടെ, യുക്രെയിൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദത്തെ അമേരിക്കയും നാറ്റോയും വീണ്ടും തള്ളി. അതേസമയം, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പോളണ്ടിലെത്തി സ്ഥിതി വിലയിരുത്തി. യുദ്ധമുണ്ടായാൽ യുക്രെയിനിൽ നിന്ന് അഭയാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങുന്ന പോളണ്ടിന് അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അതേസമയം, കിഴക്കൻ യുക്രെയിനിൽ ഇന്നലെ രാവിലെ റഷ്യൻ അനുകൂല വിഘടനവാദികളുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യുക്രേനിയൻ സൈന്യം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് വിഘടനവാദികൾ19 തവണ വെടിനിറുത്തൽ ലംഘനങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. മിൻസ്ക് ഉടമ്പടി പ്രകാരം നിരോധിക്കപ്പെട്ട കനത്ത പീരങ്കികൾ ഉപയോഗിച്ച് വിഘടനവാദികള് 20ലധികം സെറ്റിൽമെന്റുകൾക്ക് നേരെ വെടിയുതിർത്തുവെന്നാണ് വിവരം.
അതേസമയം, കിഴക്കൻ യുക്രെയിനിലെ ഡോനെട്സ്ക് നഗരത്തിലുണ്ടായ വൻ സ്ഫോടനത്തിൽ സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ.
ഡൊനെട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് ആസ്ഥാനത്തിന് സമീപമാണു സ്ഫോടനമുണ്ടായത്. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ഇന്നലെയും ഡോൺബസ് മേഖലയിൽ ഷെല്ലാക്രമണവും നടന്നിരുന്നു. 2015 ലെ വെടിനിറുത്തലിന് ശേഷം വിമത മേഖലയിൽ നിന്നുള്ള ഏറ്റവും കനത്ത ഷെല്ലാക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യുക്രെയിനിൽ നിന്ന് വിഘടിച്ച് കഴിയുന്ന മേഖലയായ ഡൊനെട്സ്ക് പീപ്പിൾസ് റിപ്പബ്ലിന്റെ നേതാവ് ഡെന്നസ് പുഷ്ലിൻ നിർബന്ധിത സൈനിക സേവനം നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഒരു പൊതുസഹകരണ ഉത്തരവ് പ്രകാരമാണിതെന്നും ജനങ്ങൾ സൈനിക ഓഫിസുകളിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
പരോക്ഷയുദ്ധമെന്ന് ലോകശക്തികൾ
യുദ്ധത്തിന് മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷ യുദ്ധമാണിതെന്ന് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും പറഞ്ഞു.
യുക്രെയിൻ അതിർത്തിയിൽ റഷ്യ 1,90,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക യു.എൻ രക്ഷാസമിതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ യുക്രെയിനിനെ ആക്രമിക്കാൻ റഷ്യൻ സൈന്യം പദ്ധതിയിടുന്നുവെന്ന് വിശ്വസിക്കാൻ തങ്ങൾക്ക് വ്യക്തമായ കാരണമുണ്ടെന്ന് ബൈഡൻ പറഞ്ഞു.
മിസൈലുകൾ വിക്ഷേപിച്ച് റഷ്യ
യുക്രെയിൻ - റഷ്യ സംഘർഷം തുടരുന്നതിനിടെ റഷ്യ ഇന്നലെ ഹൈപ്പർസോണിക്, ക്രൂസ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം നടത്തി. ബെലാറസിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരിട്ട് മേൽനോട്ടം വഹിക്കുന്ന റഷ്യൻ ആണവസേനയുടെ അഭ്യാസത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ വിക്ഷേപണങ്ങൾ വിജയമായിരുന്നുവെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. സൈനികാഭ്യാസത്തിനിടെ അന്തർവാഹിനികളും ടിയു - 95 ബോംബറുകളും പരീക്ഷിച്ചെന്നും വിവരമുണ്ട്. അതേസമയം, അരലക്ഷത്തോളം റഷ്യൻ സൈനികർ ബെലാറസിൽ തുടർന്നേക്കാൻ സാദ്ധ്യതയുണ്ട്.
ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ
യുക്രെയിൻ - റഷ്യ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ ബ്രീഫിംഗിൽ, ഇന്ത്യയിലെ റഷ്യൻ എംബസി ഇന്ത്യയുടെ സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനത്തെ സ്വാഗതം ചെയ്തു.
ഇന്ത്യൻ സമീപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യയുടെ യു.എന്നിലെ വീഡിയോ ക്ലിപ്പ് വീണ്ടും പങ്കിട്ടുകൊണ്ട് റഷ്യൻ എംബസി ട്വീറ്റ് ചെയ്തു.
റഷ്യ ആക്രമണത്തിന് സജ്ജം
യുക്രെയിൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുള്ള സേനയിൽ 50 ശതമാനം ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞുവെന്ന് അമേരിക്ക. 1,50,000 സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 48 മണിക്കൂറിനുള്ളിൽ സൈന്യം നിലയുറപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.യുക്രെയിൻ അതിർത്തിയിൽ 125 ബറ്റാലിയനെ ആണ് റഷ്യ വിന്യസിച്ചത്. സാധാരണ 60 ബറ്റാലിയനാണ് ഉണ്ടാകാറുള്ളത്. ഫെബ്രുവരി ആദ്യം ഇത് 80 ബറ്റാലിയൻ ആയി ഉയർത്തിയിരുന്നു. ഈയാഴ്ച തന്നെ ആക്രമണം തുടങ്ങാൻ സാദ്ധ്യതയേറെയാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അതിനുള്ള ഒരുക്കങ്ങൾ റഷ്യ പൂർത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.