
പാപ്പിനിശ്ശേരി (കണ്ണൂർ): പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപം നിറുത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർ തത്ക്ഷണം മരിച്ചു. അലവിലിൽ, കരിക്കൻ വീട്ടിൽ പരേതനായ കൃഷ്ണന്റെയും സുഷമയുടെയും മകൻ പ്രജിൽ (34), പൂതപ്പാറയിലെ ഓം നിവാസിലെ ലക്ഷ്മണൻ - ലീല ദമ്പതികളുടെ മകളും, കണ്ണൂർ സബ് ജയിലിന് സമീപം പുലരി ഹോട്ടൽ ഉടമയായ ബിജിന്റെ ഭാര്യയുമായ പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നീതു, ആഷ്മി എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. സുഹൃത്തുക്കളായ പ്രജിൽ, ബിജിൻ എന്നിവരുൾപ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് വന്ന സംഘം സഞ്ചരിച്ച കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ബിജിനായിരുന്നു കാറോടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമികനിഗമനം. ഈ ഭാഗങ്ങളിൽ രാത്രി കാലത്ത് പാർക്കുചെയ്യുന്ന ലോറികൾ പാർക്കിംഗ് ലൈറ്റിടാറില്ലെന്ന് ആരോപണമുണ്ട്. കണ്ണൂർ ജെ.എസ് പോളിനു സമീപത്തെ ശ്രീകൃഷ്ണ, പ്രേമ എന്നീ ഹോട്ടലുകളുടെ ഉടമയാണ് പ്രജിൽ. ഭാര്യ: നീതു. മകൾ: ആഷ്മി. പൂർണ്ണിമയുടെ മക്കൾ: അനൗക്കി, അയാൻ. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.