kaithari

തിരുവനന്തപുരം: കൊവിഡിൽ ഉത്പാദന, വിതരണരംഗത്ത് പ്രതിസന്ധിയിലായ കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് ഹാന്റക്‌സിന് സംസ്ഥാന സർക്കാർ പത്തുകോടി രൂപ അനുവദിച്ചു. പ്രവർത്തനം മെച്ചപ്പെടുത്താനും ആയിരത്തിലേറെയുള്ള നെയ്‌ത്തുകാരുടെ ഉപജീവനം സുഗമമാക്കാനും ധനസഹായം സഹായിക്കുമെന്നാണ് പ്രതീക്ഷ.

പ്രവർത്തനരഹിതമായ തറികളിൽ ഉത്പാദനം പുനരാരംഭിക്കാനും പി.എഫ്., ഇ.എസ്.ഐ കുടിശിക വീട്ടാനും വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം നൽകാനും തുക വിനിയോഗിക്കും. കൈത്തറിയെ പ്രോത്സാഹിപ്പിക്കാനായി ബുധനാഴ്‌ചകളിൽ സർക്കാർ ജീവനക്കാർ കൈത്തറിവസ്ത്രം ധരിക്കണമെന്ന ഉത്തരവുണ്ട്. കോട്ടൺ കളർ സാരികൾ, ഡബിൾ മുണ്ട്, റെഡിമെയ്ഡ് ഷർട്ട് എന്നിവയുടെ വില്പനയ്ക്ക് ഇത് ഊർജമാണ്.

ഹാന്റക്‌സ് ഓൺലൈൻ വില്പന ശക്തിപ്പെടുത്തും. വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള മൊബൈൽ വില്പനയൂണിറ്റുകൾക്കും പ്രാധാന്യം നൽകും. സർക്കാർ പുറത്തിറക്കിയ 'കേരള കൈത്തറി മുദ്ര" ഹാന്റക്‌സിന്റെ ഉത്‌പന്നങ്ങളിൽ പതിക്കും. ഇത് യഥാർത്ഥ ഉത്പന്നം തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കും.

കമാൻഡോയും റോയൽമിന്റും

ശുദ്ധമായ പരുത്തിത്തുണിയിൽ നിർമ്മിച്ച 'കമാൻഡോ" ഷർട്ടും 'റോയൽ മിന്റ്" ലിനൻ ഷർട്ടും ഹാന്റക്‌സ് വിപണിയിലെത്തിച്ചിരുന്നു. പ്രതിമാസം 10,000 ഷർട്ടുകളുടെ ഉത്പാദനവും അതുവഴി 20 കോടി രൂപയുടെ വിറ്റുവരവുമാണ് പ്രതീക്ഷ. ഷർട്ടുകൾക്ക് മാച്ചിംഗായ കരയുള്ള മുണ്ടുകളും വിപണിയിലെത്തിച്ചു.