
വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിലുള്ള ഔറേ പാർക്കിന്റെ പ്രധാന ആകർഷകഘടകമാണ് അവിടുത്തെ മഞ്ഞ് നിറഞ്ഞ കുന്നുകൾ. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധിപ്പേർ ഇവിടെ മഞ്ഞിൽ കളിയ്ക്കാൻ എത്താറുണ്ട്. എന്നാൽ, ഈ മഞ്ഞും ഐസും സ്വാഭാവികമായി ഉണ്ടാവുന്നതല്ല. 100 കണക്കിന് പേർ ഐസ് കൃഷി ചെയ്താണ് ഇവ ഉണ്ടാക്കുന്നത്.
കോളറാഡോയിലെ പ്രധാന നദിയായ ഗണ്ണിസന്റെ ഉപനദിയായ അൺകംഫാഗ്രെ നദിയുടെ തീരത്താണ് ഔറേ ഐസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഈ പാർക്കിലെ വെള്ളച്ചാട്ടങ്ങൾ അടക്കം സകലതും ഐസ് കർഷകരുടെ കലാവിരുതാണ്. ഐസ് നിറഞ്ഞ മലകളുടെ വശങ്ങളിൽ ഒളിച്ചിരിക്കുന്ന പൈപ്പുകളും സ്പ്രിംങ്കളറുകളും ഇതിന് തെളിവാണ്.
വിനോദസഞ്ചാരികൾ കയറുന്ന 200 കുന്നുകളിൽ ഐസുണ്ടാക്കാൻ 200 സ്പ്രിംങ്ക്ളറുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പാർക്കിന്റെ ഓപ്പറേഷൻ മാനേജരായ പീറ്റെ ഡേവിസ് പറഞ്ഞു. നവംബർ മുതൽ മാർച്ച് വരെയാണ് സീസൺ. നവംബറിൽഅന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ പാറകളിൽ കർഷകർ വെള്ളമൊഴിക്കും. ഇതോടെ ഐസ് പാളികൾ രൂപപ്പെട്ടു തുടങ്ങും - പീറ്റെ പറയുന്നു.
വിനോദസഞ്ചാരികളിൽ സാഹസികത വളർത്താൻ കഴിയുന്ന തരത്തിലുള്ള ഐസ് ഉണ്ടാക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറ്. അവർക്ക് അപകടങ്ങൾ ഒന്നും സംഭവിക്കില്ലെന്നും ഉറപ്പാക്കണം. അതി രാവിലെ തുടങ്ങുന്ന ജോലി സഞ്ചാരികൾഎത്തുന്നതിന് മുമ്പ് അവസാനിപ്പിക്കും. അവർക്ക് യഥാർത്ഥ മഞ്ഞുമലയിൽ കയറിയെന്ന പ്രതീതിയാണ് ഉണ്ടാവുക - ഐസ് കർഷകനായ സ്റ്റീവ് ഇംഹോഫ് പറയുന്നു.
പൈപ്പുകളുടെയും സ്പ്രിങ്ക്‌ളറുടെയും അറ്റകുറ്റപണികൾ വളരെ പ്രധാനമാണ്. കഴിഞ്ഞ സീസണിൽ 150 മീറ്റർ പൈപ്പാണ് തകർന്നത്. നാലു ദിവസമെടുത്താണ് ആ പ്രശ്‌നം പരിഹരിച്ചത്. അതിനാൽ ഏറെ ജാഗ്രതയോടെ ഐസ് ക്ലൈമ്പിംഗ് നിരീക്ഷിക്കാറുണ്ട്. ചില സഞ്ചാരികൾ മഞ്ഞ് കോടാലികൾ കൊണ്ട് പൈപ്പിൽ വെട്ടും - സ്റ്റീവ് വിശദീകരിച്ചു.
അൺകംഫാഗ്രെ നദിയിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതി ഉൽപ്പാദന പദ്ധതിയിലെ പൈപ്പുകളിലെ വിള്ളലുകളുണ്ടാക്കിയ വെള്ളച്ചാട്ടമാണ് 1980കളിൽ വിനോദസഞ്ചാരികളെ പ്രദേശത്തേക്ക് ആകർഷിച്ചത്. നിരവധി പേർ മഞ്ഞിൽ കളിക്കാൻ എത്തിയതോടെ 1997ൽ ഔദ്യോഗികമായി പാർക്ക് സ്ഥാപിച്ചു. 2022ൽ മൂന്നു അന്താരാഷ്ട്ര ഐസ് ക്ലൈംബിംഗ് മത്സരങ്ങളാണ് പാർക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹിമാലയ പർവതം കയറാൻ തയ്യാറെടുക്കുന്നവർ വരെ ഇവിടെ പരിശീലനവും നേടുന്നുണ്ട്.